
ദില്ലി: ഇന്നത്തെ യാത്രകളുടെ സ്വഭാവത്തിൽ, പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത്. വിവാഹിതരായ സ്ത്രീകൾ കൂടുതലായി ഒറ്റയ്ക്ക് യാത്ര ചെയ്യാനാണ് ഇന്ന് താത്പ്പര്യപ്പെടുന്നത്. ഓൺലൈൻ ട്രാവൽ ഏജൻസിയായ ബുക്കിംഗ്.കോം (Booking.com) നടത്തിയ പഠനമനുസരിച്ച്, 54%-ത്തിലധികം സ്ത്രീകൾക്കും ഒറ്റയ്ക്ക് യാത്ര ചെയ്യാനാണ് ആഗ്രഹം.
ബോസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടൂർ ഓപ്പറേറ്ററായ റോഡ് സ്കോളറിന്റെ മുൻ പഠനങ്ങളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരിൽ 60% പേരും വിവാഹിതരായ സ്ത്രീകളായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ചിലർ ശാന്തമായ ബീച്ച് അവധിക്കാലം ആസ്വദിക്കുമ്പോൾ, ഭൂരിഭാഗം സ്ത്രീകളും സാഹസികതകൾ തിരഞ്ഞെടുക്കുകയും മൊറോക്കോ, കൊളംബിയ, ഈജിപ്ത്, ക്യൂബ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്യുന്നു. സ്വന്തം സന്തോഷത്തിനൊപ്പം വ്യക്തിപരമായ വളർച്ചയ്ക്കും സ്ത്രീകൾ പ്രാധാന്യം നൽകുന്നതാണ് ഈ മാറ്റത്തിന് പ്രധാന കാരണമെന്നാണ് വിലയിരുത്തൽ.
വിവാഹവും മാതൃത്വവും പലപ്പോഴും സ്ത്രീകളെ യാത്രകളിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിക്കാറുണ്ട്. ഒറ്റയ്ക്കുള്ള യാത്രകളിലൂടെ സ്വയം വീണ്ടെടുക്കലാണ് ഇവർ ആഗ്രഹിക്കുന്നത്. പല സ്ത്രീകൾക്കും അവർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളിൽ നിന്ന് ഒരു ഇടവേള ലഭിക്കാൻ യാത്ര വളരെ അത്യാവശ്യമാണ്. ഇവിടെയാണ് ഒറ്റയ്ക്കുള്ള യാത്രകൾ യാഥാർത്ഥ്യമാകുന്നത്. ഒറ്റയ്ക്കുള്ള യാത്രകൾ ആത്മവിശ്വാസം വർദ്ധിപ്പിക്കും. അപരിചിതമായ നഗരങ്ങളിലും ഭാഷകളിലും ഒറ്റയ്ക്ക് സഞ്ചരിക്കുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനൊപ്പം വ്യക്തിഗത വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

Whatsapp Group 1 | Whatsapp Group 2 |Telegram Group