വീട്ടിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; അസ്‌മയുടെ മൃതദേഹത്തോട് പോലും അനാദരവ് കാണിച്ചു; മൃതദേഹം വീട്ടിലെത്തിച്ചത് പുൽപായയിൽ പൊതിഞ്ഞ്; മരണവിവരം വാടകക്ക് താമസിച്ച വീട്ടുകാരനെയോ പൊലീസിനെയോ അറിയിച്ചില്ല, ആലപ്പുഴയിലെ സുഹൃത്തിനെ വിളിച്ച് മരണവിവരം അറിയിച്ചതിലും ദുരൂഹതയെന്ന് മാതൃസഹോദരൻ

Spread the love

പെരുമ്പാവൂർ: മലപ്പുറം ഈസ്റ്റ് കോഡൂരിൽ വീട്ടിൽ പ്രസവത്തിനിടെ പെരുമ്പാവൂർ സ്വദേശിയായ അസ്മ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അസ്‌മയുടെ മൃതദേഹത്തോട് പോലും അനാദരവ് കാട്ടിയെന്ന് മാതൃസഹോദരൻ ചേലക്കുളം തേളായി വീട്ടിൽ മുഹമ്മദ്കുഞ്ഞ് പറഞ്ഞു.

പുൽപായയിൽ പൊതിഞ്ഞ രീതിയിൽ മൃതദേഹം വീട്ടിലെത്തിച്ചതെന്നും ഇതേതുടർന്ന് സിറാജുദ്ദീൻ്റെ ഒപ്പമെത്തിയവരും അസ്‌മയുടെ ബന്ധുക്കളും തമ്മിൽ സംഘർഷമുണ്ടായെന്നും പെരുമ്പാവൂർ പൊലീസിൽ നൽകിയ പരാതിയിൽ മുഹമ്മദ്കുഞ്ഞ് പറയുന്നു. മരണവിവരം മലപ്പുറത്ത് വാടകക്ക് താമസിച്ച വീട്ടുകാരനെയോ പൊലീസിനെയോ അറിയിച്ചില്ല.

വൈകീട്ട് ആറിന് യുവതി പ്രസവിച്ചു. ഇതിനുശേഷം അസ്വസ്ഥത പ്രകടിപ്പിച്ചപ്പോൾ വെള്ളം മന്ത്രിച്ചു കൊടുത്തും അക്യുപങ്ചർ ചികിത്സയിലൂടെയും ശമനമുണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു സിറാജുദ്ദീൻ. മരണവിവരം തങ്ങളെ അറിയിക്കാതെ ആലപ്പുഴയിലെ സുഹൃത്തിനെ വിളിച്ച് അറിയിച്ചതിലും ദുരൂഹതയുള്ളതായും മുഹമ്മദ്കുഞ്ഞ് പറയുന്നു. അസ്മ മരിച്ച വിവരം നാല് സഹോദരങ്ങളിൽ ഒരാളെയും അറിയിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പകരം, അസ്‌മയുടെ സഹോദര ഭാര്യയുടെ സഹോദരനെയാണ് ഇക്കാര്യം അറിയിച്ചത്. ഇദ്ദേഹമാണ് ഞായറാഴ്‌ച പുലർച്ചെ മൂന്നു മണിക്ക് അറയ്ക്കപ്പടിയിലെ വീട്ടിൽ മരണവിവരം അറിയിച്ചത്. താൻ വിവരം അറിയുന്നത് 3.45ന് ആണ്. ഏഴ് മണിക്ക് മൃതദേഹം എത്തിച്ചു. മരണവിവരം മറച്ചുവെക്കാനും വേഗത്തിൽ ഖബറടക്കാനുമാണ് അറയ്ക്കപ്പടിയിലെ വീട്ടിൽ അതിരാവിലെ മൃതദേഹം എത്തിച്ചത്.

ബന്ധുക്കൾ എതിർക്കുകയും പൊലീസിൽ അറിയിക്കുകയും ചെയ്തതാണ് സംഭവം പുറംലോകം അറിയാൻ കാരണമെന്നും മുഹമ്മദ്കുഞ്ഞ് പരാതിയിൽ വ്യക്തമാക്കി. മലപ്പുറം ഈസ്റ്റ് കോഡൂരിൽ വീട്ടിൽ പ്രസവത്തിനിടെ പെരുമ്പാവൂർ അറക്കപ്പടി കൊപ്രമ്പിൽ വീട്ടിൽ പരേതനായ ഇബ്രാഹീം മുസ്‌ലിയാരുടെ മകൾ അസ്‌മ മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെ ഞായറാഴ്ചയാണ് അറസ്റ്റ് ചെയ്‌തത്.

യുവതിയുടെ ബന്ധുക്കൾ മർദ്ദിച്ചെന്ന് ആരോപിച്ച് സുഹൃത്തുക്കൾക്കൊപ്പം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ സിറാജുദ്ദീനെ മലപ്പുറം പൊലീസ് അർധരാത്രിയാണ് അറസ്റ്റ് ചെയ്‌ത്‌ മലപ്പുറത്തേക്ക് കൊണ്ടുപോയത്. അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട കുറ്റം ചുമത്തിയാണ് അറസ്റ്റ്. അതിനിടെ, കേസ് മലപ്പുറം പൊലീസിന് കൈമാറി.

അന്വേഷണം ഏറ്റെടുത്തതായും യുവതിയുടെ ഭർത്താവ് സിറാജുദ്ദീനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്നും മലപ്പുറം ഇൻസ്പെക്‌ടർ പി. വിഷ്‌ പറഞ്ഞു. മരണത്തിന് കാരണം അമിത രക്തസ്രാവമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം. നേരത്തേ ആവശ്യമായ ചികിത്സ ലഭിച്ചിരുന്നെങ്കിൽ മരണം ഒഴിവാക്കാനാകുമായിരുന്നു എന്നും ഡോക്ടർമാർ പറയുന്നു.

അസ്മ‌യുടെ ഖബറടക്കം തിങ്കളാഴ്‌ച വൈകീട്ടോടെ എടത്താക്കര മസ്‌ജിദ് ഖബർസ്ഥാനിൽ നടന്നു. മക്കളെ സിറാജുദ്ദീൻ്റെ ബന്ധുക്കൾ ഞായറാഴ്‌ച രാത്രി ആലപ്പുഴക്ക് കൊണ്ടു പോയിരുന്നു. ഇളയ കുഞ്ഞ് കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മൂത്ത കുട്ടിയെ സിറാജുദ്ദീൻ്റെ പിതാവ് അറക്കപ്പടിയിലെ വീട്ടിലെത്തിച്ച് മാതാവിൻ്റെ അന്ത്യകർമങ്ങളിൽ പങ്കെടുപ്പിച്ചു.