കേരള ക്രിക്കറ്റ് അസോസിയേഷന്റെ വനിതാ ക്രിക്കറ്റ് ലീഗ് പ്രഖ്യാപനം വര്‍ണാഭമായി നടന്നു; ഇന്ത്യൻ താരങ്ങളായ മിന്നു മണി, സജന സജീവൻ, ആശാ ശോഭന തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു

Spread the love

തിരുവനന്തപുരം: വനിതാ ക്രിക്കറ്റ് ലീഗിന്റെ (ഡബ്ല്യു.സി.എല്‍) ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് ഹബില്‍ വര്‍ണാഭമായി നടന്നു. അടുത്ത സീസണ്‍ മുതല്‍ ആരംഭിക്കുന്ന ലീഗിന്റെ പ്രഖ്യാപന ചടങ്ങ്, താരങ്ങളെ ആദരിച്ചും സംഗീത നിശയൊരുക്കിയും അവിസ്മരണീയമാക്കി.

ചടങ്ങില്‍ കേരളത്തിന്റെ അഭിമാനമായ വനിതാ പ്രതിഭകളെ ആദരിച്ചു. ഇന്ത്യന്‍ താരങ്ങളായ മിന്നു മണി, സജന സജീവന്‍, ആശാ ശോഭന, അരുന്ധതി റെഡ്ഡി, അണ്ടര്‍ 19 ലോകകപ്പ് ജേതാവ് ജോഷിത വി.ജെ., ഇന്ത്യന്‍ നേവി ലഫ്റ്റനന്റ് കമാന്‍ഡറും മുന്‍ സംസ്ഥാന ജൂനിയര്‍ ക്രിക്കറ്ററുമായ ദില്‍ന കെ. എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി.

കോഴിക്കോട് സ്വദേശിനിയായ ലഫ്. കമാന്‍ഡര്‍ ദില്‍ന, മുന്‍ സംസ്ഥാന അണ്ടര്‍ 19 ക്രിക്കറ്റ് താരം മാത്രമല്ല, ദേശീയ തലത്തില്‍ മെഡലുകള്‍ നേടിയ ഷൂട്ടര്‍ കൂടിയാണ്. അടുത്തിടെ ഐ.എന്‍.എസ്.വി താരണി എന്ന പായ്വഞ്ചിയില്‍ എട്ടുമാസം കൊണ്ട് ലോകം ചുറ്റി സഞ്ചരിച്ച് ചരിത്രം കുറിച്ച അവര്‍, ‘കേപ് ഹോണര്‍’ എന്ന അപൂര്‍വ ബഹുമതിക്കും അര്‍ഹയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമുദ്രത്തിലെ ഏറ്റവും അപകടകരമായ പാതകളിലൊന്നായ കേപ് ഹോണ്‍ തരണം ചെയ്യുന്നവര്‍ക്കാണ് ഈ ബഹുമതി ലഭിക്കുന്നത്. കായികരംഗത്തും മറ്റ് മേഖലകളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച് തലമുറകള്‍ക്ക് പ്രചോദനമായ ഈ വനിതകളെ ചടങ്ങില്‍ പ്രത്യേകം അഭിനന്ദിച്ചു.

പ്രഖ്യാപന ചടങ്ങുകള്‍ക്ക് ആവേശം പകരാന്‍ പ്രശസ്ത ഗായികമാരായ ഭദ്ര രജിനും നിത്യ മാമ്മനും നയിച്ച സംഗീത നിശ അരങ്ങേറി. ഇരുവരുടെയും തത്സമയ ബാന്‍ഡ് പ്രകടനം കാര്യവട്ടം സ്റ്റേഡിയത്തിലെ സായാഹ്നത്തെ അവിസ്മരണീയമാക്കി.

സംഗീതത്തിന്റെ ആരവങ്ങള്‍ക്കിടയിലാണ് കേരള വനിതാ ക്രിക്കറ്റിന്റെ പുതിയ ചരിത്രത്തിന് തുടക്കം കുറിച്ചത്. ”കേരളത്തിലെ വനിതാ ക്രിക്കറ്റിന്റെ ഒരു സ്വപ്ന സാക്ഷാത്കാരമാണിത്. നമ്മുടെ കഴിവുറ്റ താരങ്ങള്‍ക്ക് അവരുടെ മികവ് പ്രകടിപ്പിക്കാനും ദേശീയ, അന്തര്‍ദേശീയ തലങ്ങളിലേക്ക് ഉയരാനും വനിതാ ക്രിക്കറ്റ് ലീഗ് വലിയൊരവസരം നല്‍കും. അവര്‍ക്ക് സാധ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ കെ.സി.എ പ്രതിജ്ഞാബദ്ധമാണ് ‘ – കെ.സി.എ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞു.