
തിരുവനന്തപുരം: വീടുകളിൽ ആൺ, പെൺ വ്യത്യാസമില്ലാതെ സമഭാവനയുടെ അന്തരീക്ഷം വളർത്തിയെടുത്ത് പെൺകുട്ടികളെ അവരുടെ ഭാവി ജീവിതത്തിൽ പ്രതികരണ ശേഷി ഉള്ളവരായി മാറ്റാൻ ആത്മവിശ്വാസം നൽകണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി.
മുറ്റം അടിച്ചു വാരാൻ പെൺ കുട്ടികളേ പാടുള്ളൂവെന്ന മുതിർന്നവരുടെ മനസ്ഥിതി മാറണം. അവിടം മുതൽ അവരുടെ മാനസിക പിരിമുറുക്കം മാറുകയാണ്. തങ്ങൾ എന്നും അനുസരിക്കപ്പെടേണ്ടവർ മാത്രമാണെന്ന കുറ്റബോധം പെൺകുട്ടികളിൽ ഉടലെടുക്കും. അതാണ് വിവാഹാനന്തരവും അവർ ഇത്രയേറേ മറ്റ് കുടുംബങ്ങളിൽ വച്ച് അതിക്രൂരമായി പീഡിപ്പിക്കപ്പെടുന്നതെന്നും വനിതാ കമ്മീഷൻ അധ്യക്ഷ.
അന്താരാഷ്ട്ര ബാലിക ദിനവുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന ശിശു ഷേമ സമിതി തിരുവനന്തപുരം മോഡൽ എൽ.പി.സ്ക്കൂളിൽ
വർണ്ണോത്സവം – ശിശുദിന കലോത്സവത്തിനിടെ സംഘടിപ്പിച്ച “സേവ് ഗേൾ ചൈൾഡ്” ക്യാമ്പയിനിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷ. ഡോ.എം. ലീലാവതി തൻ്റെ നവതിയിൽ ഗാസയിൽ വിശന്ന
വയറുമായി ഭക്ഷണം കഴിക്കാൻ യാചിക്കുന്ന കുട്ടികളെ കണ്ട് തൻ്റെ തൊണ്ടയിൽ നിന്നും ഭക്ഷണം ഇറങ്ങുന്നില്ല എന്ന് പറഞ്ഞതിനെ സോഷ്യൽ മീഡിയായിൽ കൂടി അധിക്ഷേപിച്ചവർ സമൂഹത്തിനെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരാണ്. ലോകത്ത് ഏറ്റവും പാർശ്വവൽക്കരിക്കപ്പെടുന്നവർ സ്ത്രീകളും കുട്ടികളുമാണ്. പ്രത്യേകിച്ച് പെൺകുട്ടികൾ. വർഗ്ഗീയ ലഹള, കലാപങ്ങൾ, യുദ്ധം ഇവയിലെല്ലാം പീഡനത്തിന് ഇരയാകുന്നതും കൂടുതൽ പെൺ കുട്ടികളാണെന്നും സതീ ദേവി പറഞ്ഞു.
എന്നാൽ കേരള സംസ്ഥാനം ശിശുമരണം കുറച്ച് ആയൂർ ദൈർഘ്യം വർദ്ധിപ്പിച്ച് വികസിത രാജ്യങ്ങളെ കിടപിടിച്ച് മുൻപന്തിയിലാണ്. പെൺകുട്ടികൾ അതിക്രമിക്കപ്പെടുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ പോലും ഉണ്ടായിക്കൂടാ. അതിന് സമൂഹം ഒറ്റക്കെട്ടാകേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.