
മകളെ ചുരിദാറിന്റെ ഷാൾ കൊണ്ട് ശരീരത്തിൽ ബന്ധിപ്പിച്ച ശേഷം അമ്മ കിണറ്റിൽച്ചാടി; മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
സ്വന്തം ലേഖകൻ
പത്തനാപുരം: പട്ടാഴിയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽച്ചാടി. വടക്കേക്കര ചെളിക്കുഴി പടിഞ്ഞാറെവിളയിൽ സാംസി ഭവനിൽ സാംസിയാണ് മകൾ അന്നയെയും എടുത്ത് കിണറ്റിൽച്ചാടിയത്. സാംസിയെയും കുഞ്ഞിനെയും പിന്നീട് നാട്ടുകാർ കരയ്ക്ക് കയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. സാംസി ചികിത്സയിലാണ്.
വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് സാംസി. മൂന്ന് മാസം പ്രായമുള്ള മകൾ അന്നയെ ചുരിദാറിന്റെ ഷാൾ കൊണ്ട് ശരീരത്തിൽ ബന്ധിപ്പിച്ച ശേഷമാണ് ഇവർ കിണറ്റിൽച്ചാടിയത്. സംഭവസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. സാംസിയുടെ അമ്മ സോമിനിയും ഏഴ് വയസ്സുള്ള മൂത്തമകളും ആശുപത്രിയിൽ പോയതായിരുന്നു. ഇവർ വീട്ടിൽ തിരിച്ചെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാംസിയെയും കുഞ്ഞിനെയും വീട്ടിൽ കാണാതിരുന്നതോടെ സോമിനി അയൽക്കാരെയും മറ്റും വിവരമറിയിച്ചു. തുടർന്ന് തിരച്ചിൽ നടത്തുന്നതിനിടെയാണ് യുവതിയെ കിണറ്റിൽ കണ്ടെത്തിയത്. മോട്ടോറിന്റെ പൈപ്പിൽ തൂങ്ങിപിടിച്ച് നിൽക്കുകയായിരുന്നു യുവതി. ഉടൻതന്നെ നാട്ടുകാർ കിണറ്റിലിറങ്ങി ഇരുവരെയും കരയ്ക്ക് കയറ്റി അടൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.
കല്ലട സ്വദേശി ഷിബുവാണ് സാംസിയുടെ ഭർത്താവ്. ഒന്നരമാസം മുമ്പ് ഭർത്താവ് ഗൾഫിൽ പോയതിന് പിന്നാലെയാണ് സാംസി പട്ടാഴിയിലെ സ്വന്തം വീട്ടിലെത്തിയത്. കിണറ്റിൽച്ചാടി ജീവനൊടുക്കാൻ ശ്രമിച്ചതിന്റെ കാരണമെന്താണെന്ന് വ്യക്തമല്ല. കുഞ്ഞിന്റെ മൃതദേഹം അടൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.