video
play-sharp-fill

രണ്ടു ദിവസം മുൻപ് യുവതിയെ കാണാനില്ലെന്ന് പരാതി നൽകിയത് ഭർത്താവും കുടുംബാംഗങ്ങളും;  മകളെ കാണാതായതിനെ തുടർന്ന് ഭർതൃവീട്ടിലെത്തിയ മാതാപിതാക്കൾ ദുർഗന്ധത്തെ തുടർന്ന് പുതപ്പ് മാറ്റിയപ്പോൾ കൈ പുറത്തേക്ക്; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം;  ഭാര്യ ഇറങ്ങിപ്പോയെന്ന് എല്ലാവരോടും പറഞ്ഞ ഭർത്താവ് വിജേഷിനെ കാണാതെയുമായി; വിജേഷിനായി കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം  അന്വേഷണം ആരംഭിച്ചു

രണ്ടു ദിവസം മുൻപ് യുവതിയെ കാണാനില്ലെന്ന് പരാതി നൽകിയത് ഭർത്താവും കുടുംബാംഗങ്ങളും; മകളെ കാണാതായതിനെ തുടർന്ന് ഭർതൃവീട്ടിലെത്തിയ മാതാപിതാക്കൾ ദുർഗന്ധത്തെ തുടർന്ന് പുതപ്പ് മാറ്റിയപ്പോൾ കൈ പുറത്തേക്ക്; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; ഭാര്യ ഇറങ്ങിപ്പോയെന്ന് എല്ലാവരോടും പറഞ്ഞ ഭർത്താവ് വിജേഷിനെ കാണാതെയുമായി; വിജേഷിനായി കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ

തൊടുപുഴ: ഇടുക്കി കാഞ്ചിയാറിൽ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. പേഴുംകണ്ടം വട്ടമുകളേൽ വിജേഷിന്റെ ഭാര്യ അനുമോളുടെ(വൽസമ്മ, 27) മൃതദേഹമാണ് കട്ടിലിനടിയിൽ നിന്നും കണ്ടെത്തിയത്. ശനിയാഴ്ച മുതൽ അനുമോളെ കാണാതാവുകയായിരുന്നു. തുടർന്ന് അന്വഷിച്ചെങ്കിലും കണ്ടെത്താനായില്ല. കാഞ്ചിയാർ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അദ്ധ്യാപികയായിരുന്നു അനുമോൾ. പതിവുപോലെ വെള്ളിയാഴ്ച സ്‌കൂളിൽ എത്തിയിരുന്നു.

സ്‌കൂൾ വാർഷികാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച വീട്ടിലെത്തിയ അനുമോളെ അടുത്തദിവസം മുതൽ കാണാനില്ലെന്ന വാർത്തയാണ് സ്വന്തം മാതാപിതാക്കളും നാട്ടുകാരും അറിഞ്ഞത്. പൊലീസിൽ പരാതി നൽകി കാത്തിരുന്ന കുടുംബം നാലു ദിവസത്തെ തിരച്ചിലിനൊടുവിലാണ് വീട്ടിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. ഭാര്യ ഇറങ്ങിപ്പോയെന്ന് എല്ലാവരോടും പറഞ്ഞ ഭർത്താവ് വിജേഷിനെ കാണാതെയുമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച സ്‌കൂളിലെത്തിയ യുവതി ശനിയാഴ്ച നടക്കാനിരിക്കുന്ന സ്‌കൂൾ വാർഷികാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കിയാണ് വീട്ടിലേക്കു മടങ്ങിയത്. എന്നാൽ വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാൻ അനുമോൾ സ്‌കൂളിലെത്തിയില്ല. മകൾ വീട്ടിൽനിന്ന് ഇറങ്ങിപ്പോയെന്ന് അനുമോളുടെ മാതാപിതാക്കളായ പീരുമേട് പാമ്പനാർ പാമ്പാക്കട ജോൺ, ഫിലോമിന എന്നിവരെ ഭർത്താവ് വിജേഷ് ഫോണിൽ വിളിച്ചറിയിച്ചു. വളരെ സന്തോഷവതിയായി കാണപ്പെട്ട അനുമോൾ ഇറങ്ങിപ്പോയെന്ന വാർത്ത വീട്ടുകാരെ വല്ലാതെ വിഷമിപ്പിച്ചിരുന്നു.

വിവരമറിഞ്ഞ് ദമ്പതികൾ വീട്ടിലെത്തിയെങ്കിലും കിടപ്പുമുറിയിലേക്ക് കയറാതിരിക്കാൻ വിജേഷ് ശ്രദ്ധിച്ചു. തുടർന്ന് വിജീഷ് തന്നെ കട്ടപ്പന പൊലീസിൽ അനുമോളെ കാണാനില്ലെന്നു പരാതി നൽകി. പിന്നീട് ഏകമകളെ വിജേഷ് വെങ്ങാലൂർക്കടയിലുള്ള തന്റെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. അനുമോളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. എന്നാൽ തിങ്കളാഴ്ച അനുമോളുടെ ഫോണിലേക്കു വീട്ടുകാർ വിളിച്ചപ്പോൾ ബെല്ലടിക്കുകയും കട്ടാക്കുകയും ചെയ്തു. എന്നാൽ മകൾ മരിച്ചെന്ന് ഒരിക്കലും ഈ മാതാപിതാക്കൾ കരുതിയിരുന്നില്ല.

ചൊവ്വാഴ്ച സ്റ്റേഷനിലെത്തി കേസന്വേഷണത്തിന്റെ പുരോഗതി തിരക്കിയശേഷം അനുമോളുടെ മാതാപിതാക്കളും സഹോദരൻ അലക്സും വൈകിട്ട് ആറോടെ പേഴുംകണ്ടത്തെ വീട്ടിൽ എത്തി. വീട് പൂട്ടിയിരുന്നതിനാൽ തള്ളിത്തുറന്ന് അകത്തുകയറിയപ്പോൾ ദുർഗന്ധം അനുഭവപ്പെടുകയായിരുന്നു. പരിശോധനയ്ക്കിടെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ കമ്പിളിപുതപ്പ് മാറ്റിയപ്പോൾ കൈ പുറത്തേക്ക് വരികയായിരുന്നു. ഇതുകണ്ട് ഇവർ അലറിവിളിച്ച് പുറത്തേക്ക് ഓടുകയായിരുന്നു.

ശബ്ദം കേട്ട് നാട്ടുകാർ സ്ഥലത്തെത്തുകയും പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കട്ടപ്പന ഡിവൈഎസ്‌പി വി.എ.നിഷാദ്മോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരുടെയും പരിശോധനയ്ക്കുശേഷമേ ബുധനാഴ്ച മൃതദേഹം വീട്ടിൽ നിന്ന് മാറ്റുകയുള്ളൂ.

മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ കൊലനടത്തിയത് ആരാണെന്നോ എന്തിനെന്നോ വ്യക്തമല്ല. അനുമോളുടെ ഭർത്താവ് വിജേഷിനെയും കാണാനില്ല. ഇയാൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.