
സ്വന്തം ലേഖകൻ
ചെങ്ങമനാട്: ജോലിക്കു പോകാൻ ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു. റോഡിൽ തെറിച്ച് ഹെൽമറ്റിൽ കുരുങ്ങിയ ബൈക്ക് യാത്രികനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെങ്ങമനാട് പുതുവാശ്ശേരി ഇലവുങ്കൽ പറമ്പിൽ വീട്ടിൽ പരേതനായ മണിയുടെ ഭാര്യ സതിയാണ് (52) മരിച്ചത്. കൊല്ലം കുമ്പളം ‘മാനസം’ വീട്ടിൽ ലിതിനാണ് (25) സാരമായി പരിക്കേറ്റത്. ചെങ്ങമനാട് കോട്ടായിയിൽ ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂലിപ്പണിക്കാരിയായ സതി വീട്ടിൽ നിന്ന് പുതുവാശ്ശേരി റോഡിലൂടെ മറുവശത്തെ ട്രാക്കിലെ ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് ആലുവ ഭാഗത്ത് നിന്ന് അതിവേഗത്തിൽ വന്ന ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്.
ഇടിയുടെ ആഘാതത്തിൽ ഇരുവരും ദൂരെ തെറിച്ചുവീണു. തലകുത്തി കറങ്ങി വീണ ലിതിൻറെ കഴുത്തിൽ ഹെൽമറ്റ് കുരുങ്ങിക്കിടന്നു. അവശനിലയിലായ ഇരുവരെയും ദേശം സി.എ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം നിതിൻറെ തലയിൽ നിന്ന് ഹെൽമറ്റ് വേർപ്പെടുത്തി.
ഇരുവരുടെയും നില ഗുരുതരമായതോടെ വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചെങ്കിലും വഴിമധ്യേ സതി മരണപ്പെടുകയായിരുന്നു. അവശനിലയിലായ നിതിനെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നിതിൻ കൊല്ലത്ത് നിന്ന് ബൈക്കിൽ അങ്കമാലി ഭാഗത്ത് പരീക്ഷ എഴുതാൻ എത്തിയതാണ് എന്നാണറിയുന്നത്. മരിച്ച സതിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം സംസ്കരിച്ചു. മക്കൾ, സനേഷ്, സരിത. മരുമക്കൾ: അമൃത, നിജു.