
സ്ത്രീധന പീഡന പരാതിയുമായി അമ്മയും മകളും ; വിവാഹ മോചനം നേടാതെ ഭർത്താവ് രണ്ടാം വിവാഹം കഴിച്ചെന്ന് ആരോപണം ; പ്രതിഷേധിച്ച് അമ്മയും മകളും
സ്വന്തം ലേഖകൻ
കൽപ്പറ്റ: സുത്താൽ ബത്തേരിയിൽ സ്ത്രീധന പീഡന പരാതിയുമായി അമ്മയും മകളും. വിവാഹ മോചനം നേടാതെ ഭർത്താവ് രണ്ടാം വിവാഹം കഴിച്ചെന്ന് ആരോപിച്ച് ഇരുവരും ഭർതൃവീട്ടിൽ പ്രതിഷേധിച്ചു. പൊലീസ് എത്തിയാണ് ഇരുവരെയും സമാധാനിപ്പിച്ചു മടക്കി അയച്ചത്. നായ്ക്കട്ടി സ്വദേശി അബൂബക്കർ സിദ്ദീഖിനെതിരെയാണ് പതിനൊന്ന് കാരിയായ മകളെയും കൂട്ടി ഷഹാന ബാനു ഭർതൃവീട്ടിൽ പ്രതിഷേധത്തിനെത്തിയത്.
ഒന്നര വർഷമായി ഭർത്താവിൽ നിന്നും മാറി താമസിക്കുകയായിരുന്നു ഷഹാനയും മകളും. എന്നാൽ ഇതിനിടെ ഭർത്താവ് ഏകപക്ഷീയമായി വിവാഹമോചന നടപടികൾ ആരംഭിക്കുകയായിരുന്നെന്ന് ഷഹാന ആരോപിച്ചു. നടപടികൾ അവസാനിക്കുന്നതിന് മുൻപ് യുവാവ് മറ്റൊരാളെ വിവാഹം കഴിച്ച് വീട്ടിൽ കൊണ്ടുവരികയും ചെയ്‌തു. ഇതിന് പിന്നാലെയാണ് ഷഹാനയും മകളും ഭർത്താവിന്റെ വീടിന്റെ മുന്നിലെത്തി ബഹളം വെച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീധനത്തിന്റെ പേരിൽ കൊടിയ പീഡനം സഹിക്കേണ്ടി വന്നിരുന്നു എന്നും ഭർത്താവും കുടുംബവും തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും ഷഹാന ആരോപിച്ചു. അതേസമയം കുടുംബത്തിന് ചേരത്ത രീതിയിലുള്ള ഷഹാനയുടെ ജീവിതമാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് ഭർതൃ വീട്ടുകാരുടെ വാദം.
ഭർത്താവിനെ അനുസരിക്കില്ല, പറന്നു നടക്കണം, പുതിയ ഫാഷനിലുള്ള വസ്ത്രം ധരിക്കണം അതൊന്നും ഈ കുടുംബത്ത് നടക്കില്ല. ജിമ്മും മറ്റുമായി ആടിപ്പാടി നടക്കുകയാണ് ചെയ്തിട്ടുള്ളത്. അതൊന്നും ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം വെച്ചു പൊറുപ്പിക്കാൻ പറ്റില്ല- ഭർത്താവിന്റെ ബന്ധു പറഞ്ഞു.
പൊലീസ് ഭർത്താവിന്റെ കുടുംബത്തിന്റെ ഭാഗത്തു നിന്നാണ് ഇടപെട്ടതെന്ന് ഷഹാന ആരോപിച്ചു. ഭർത്താവ് മർദ്ദിച്ചെന്ന് കാട്ടി യുവതിയും മകളും ബത്തേരി ആശുപത്രിയിൽ ചികിത്സ തേടി.