ലൈസന്‍സില്ല, പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ വണ്ടികളുമായി റോഡിലിറങ്ങുന്നു; രക്ഷിതാക്കൾ അറിയുന്നത് വാഹനം അപകടത്തിൽപ്പെടുമ്പോൾ; അഴിയെണ്ണുന്ന രക്ഷിതാക്കളുടെ എണ്ണം ദിനംപ്രതി കൂടുന്നു….!
സ്വന്തം ലേഖിക
കൊച്ചി: കുട്ടികള്‍ വാഹനം ഓടിക്കുന്നതുമൂലം രക്ഷിതാക്കള്‍ അറസ്റ്റിലാകുന്ന സംഭവങ്ങള്‍ കൂടിവരുന്നതായി റിപ്പോര്‍ട്ട്.
18 വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇരുചക്രവാഹനവുമായി നിരത്തിലിറങ്ങുന്നതായും കുട്ടികള്‍ ഓടിച്ച വാഹനം അപകടം വരുത്തുമ്പോഴാണ് പല രക്ഷിതാക്കളും വിവരം അറിയുന്നത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്ത് ലൈസന്‍സ് ലഭിക്കാത്ത കുട്ടികള്‍ പ്രതികളായ കേസുകള്‍ ഓരോ ജില്ലയിലും കൂടി വരുന്നതായി പോലീസും മോട്ടോര്‍ വാഹനവകുപ്പും പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത മകന്‍ വാഹനമോടിച്ച കേസില്‍ പിതാവിന് കാസര്‍കോട് സിജെഎം കോടതി അടുത്തിടെ തടവ് ശിക്ഷ വിധിച്ചിരുന്നു.
മൂത്തമകന് വേണ്ടി വാങ്ങിയ വണ്ടി പ്രായപൂര്‍ത്തിയാകാത്ത രണ്ടാമത്തെ മകന്‍ ഓടിക്കുന്നതിനിടെ പോലീസ് പിടികൂടി. തുടര്‍ന്നാണ് രക്ഷിതാവ് ജയിലില്‍ കഴിയേണ്ടിവന്നത്.
മോട്ടോര്‍ വാഹനനിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ ഭേദഗതികള്‍ 2019-ലാണ് നിലവില്‍ വന്നത്. ഇതിനുസരിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുകയോ നിയമലംഘനം നടത്തുകയോ ചെയ്താല്‍ വാഹനം നല്‍കിയ രക്ഷിതാവിന്/വാഹന ഉടമയ്ക്ക് 25,000 രൂപ പിഴയും മൂന്നുവര്‍ഷം തടവും ലഭിക്കും.
വാഹനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒരുവര്‍ഷത്തേക്ക് റദ്ദാക്കുകയും ചെയ്യും. വാഹനം ഓടിച്ച കുട്ടിക്ക് പിന്നെ ഏഴുവര്‍ഷം കഴിഞ്ഞ് മാത്രമേ ലൈസന്‍സിന് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളു.
അതായത് 18 വയസ് ആയാലും ലൈസന്‍സ് കിട്ടില്ല എന്നു ചുരുക്കം.