നടു റോഡിൽ വാളുമായി യുവതി; പിങ്ക് പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ കടക്ക് പുറത്ത്; രാത്രിയിൽ യുവതി ദേശീയപാത വഴി ഓടി
സ്വന്തം ലേഖകൻ
കൊല്ലം: നടുറോഡിൽ വാളുമായി അലറി വിളിച്ച യുവതിയെ പിങ്ക് പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ കടക്ക് പുറത്തുമായി പുരുഷ പൊലീസുകാർ.
പിങ്ക് പൊലീസ് സ്റ്റേഷനിൽ എത്തിച്ച മനോനില തെറ്റിയ സ്ത്രീയേയും പിങ്ക് പൊലീസുകാരെയും ജി.ഡി ചാര്‍ജും പൊലീസുകാരനും സ്റ്റേഷനില്‍ നിന്ന് പുറത്താക്കി സ്റ്റേഷന്റെ ഗ്രില്ല് താഴിട്ട് പൂട്ടി. പൊലീസിന്റെ ആട്ടിപ്പുറത്താക്കലില്‍ പ്രകോപിതയായ സ്ത്രീ വനിതാ പൊലീസുകാരുടെ കണ്ണില്‍ മണ്ണ് എറിഞ്ഞ് ദേശീയപാതയിലൂടെ ഓടി. പാഞ്ഞുവന്ന വാഹനങ്ങള്‍ക്കിടയിലൂടെ ഓടിയ സ്ത്രീയെ നൈറ്റ് പട്രോള്‍ സംഘം പിന്നാലെയെത്തി പിടികൂടി തിരിച്ചുകൊണ്ടുവന്നെങ്കിലും സ്റ്റേഷനില്‍ കയറ്റിയില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവിടെയാകട്ടെ, വനിതാ പൊലീസും ഉണ്ടായിരുന്നില്ല. കൊണ്ടുപോയ്ക്കോ എന്ന് പറഞ്ഞായിരുന്നു രണ്ടാമത്തെ ആട്ടി പുറത്താക്കല്‍. എന്ത് ചെയ്യണമെന്നറിയാതെ സ്ത്രീയുമായി വെളുക്കുവോളം അങ്ങോട്ടുമിങ്ങോട്ടും കറങ്ങിയ പിങ്ക് പൊലീസ് ഒടുവില്‍ ആറ് മണിക്കൂറിനുശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.
സുരക്ഷിത’ എന്ന സ്ത്രീ സുരക്ഷാ പദ്ധതി പരീക്ഷിക്കുന്ന കൊല്ലം ജില്ലയിലെ ചവറ പൊലീസ് സ്റ്റേഷനില്‍ ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. ഒരു രാത്രി മുഴുവന്‍ മനോനില തെറ്റിയ സ്ത്രീയുമായി രണ്ട് വനിതാ പൊലീസുകാരുടെ നെട്ടോട്ടവും ഇവരെ പുറത്താക്കിയ പൊലീസുകാരുടെ നടപടിയും ആരോരുമറിയാതെ ഒതുക്കി തീര്‍ത്തു.
കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ നീണ്ടകര ഹാര്‍ബറിന് സമീപം ഒരു സ്ത്രീ കൊടുവാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായി കൊല്ലം സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഒരു കോള്‍ വന്നു. ‘സുരക്ഷിത’ എന്ന സ്ത്രീ സുരക്ഷാ പദ്ധതിയുടെ പൈലറ്റ് പ്രോഗ്രാമിന്റെ ഭാഗമായി രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പിങ്ക് പട്രോള്‍ പൊലീസിന് കണ്‍ട്രോള്‍ റൂമില്‍ നിന്ന് സന്ദേശം കൈമാറി. ഡ്രൈവറുള്‍പ്പെടെ രണ്ടുപേര്‍ മാത്രമുണ്ടായിരുന്ന പിങ്ക് പട്രോള്‍ നീണ്ടകരയിലേക്ക് കുതിച്ചു.
നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് വിളിപ്പാടകലെ വാളുവീശി അക്രമഭാവത്തിലായിരുന്നു അവര്‍. മദ്ധ്യവയസ്കയെ പിങ്ക് സംഘം നേരിട്ടു. അനുനയത്തിലൂടെ ആശ്വസിപ്പിച്ച് കൊടുവാള്‍ വാങ്ങി. അനുസരണയോടെ നിന്ന അവരെ പിങ്ക് പൊലീസ് വാഹനത്തില്‍ കയറ്റി. അപ്പോള്‍ വയര്‍ലസ് സന്ദേശമെത്തി. സ്ത്രീയെ ചവറ സ്റ്റേഷനിലെത്തിക്കാന്‍. പിങ്ക് പതിനാന്ന് മണിയോടെ ചവറ സ്റ്റേഷനിലെത്തി. ജി.ഡി ചാര്‍ജും പാറാവുകാരനും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. സ്ത്രീയെ ജി.ഡി ചാര്‍ജിന് മുന്നിലെ കസേരയിലിരുത്തി പിങ്കുകാര്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
ചവറ തെക്കുംഭാഗം സ്വദേശിനിയാണെന്നും വിധവയാണെന്നും രണ്ട് മക്കളുണ്ടെന്നും അവര്‍ പറഞ്ഞു. വീട്ടുകാരെയോ ബന്ധുക്കളെയോ അറിയിച്ച് ഇവരെ മടക്കി അയക്കാനോ ചികിത്സ നല്‍കാനോ സഹായിക്കണമെന്ന് പിങ്ക് പൊലീസ് അഭ്യര്‍ത്ഥിച്ചു. ജി.ഡി ചാര്‍ജ് അത് നിരസിച്ചു. സ്ത്രീക്ക് നേരെ ജി.ഡി. തട്ടിക്കയറി. പിങ്കിനെയും സ്ത്രീയേയും പുറത്താക്കി ഗ്രില്‍ അടച്ചു. ഇതുകണ്ട് മനസ് തകര്‍ന്ന സ്ത്രീ പങ്കുകാരുടെ മുഖത്ത് മണ്ണ് വാരി എറിഞ്ഞ് ഓടുകയായിരുന്നു. പിങ്ക് പിന്നാലെ പാഞ്ഞു.
വയര്‍ലസിലൂടെ പിങ്ക് സന്ദേശം കൈമാറി. സന്ദേശം കേട്ട ചവറയിലെ നൈറ്റ് പട്രോള്‍ സംഘം അരകിലോമീറ്റര്‍ അകലെവച്ച് സ്ത്രീയെ തടഞ്ഞ് ജീപ്പില്‍ കയറ്റി വീണ്ടും ചവറ സ്റ്റേഷനിലെത്തിച്ചു. രാത്രി ഡ്യൂട്ടിയ്ക്ക് വനിതാ പൊലീസില്ലെന്ന കാരണത്താല്‍ അവരെ സ്വീകരിക്കാന്‍ ജി.ഡി കൂട്ടാക്കിയില്ല. ഇതിനെച്ചൊല്ലി തര്‍ക്കമായി.
വിവരമറിഞ്ഞ സബ്ഡിവിഷന്‍ നൈറ്റ് ഓഫീസര്‍ പൊലീസ് ആംബുലന്‍സില്‍ സ്ത്രീയെ പിങ്കുകാര്‍ക്കൊപ്പം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. പൊലീസ് റിപ്പോര്‍ട്ടോ വൈദ്യപരിശോധനയ്ക്കുള്ള അപേക്ഷയോ ബന്ധുക്കളോ ഇല്ലാതെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ പൊലീസ് വീണ്ടും കുഴഞ്ഞു. പുലര്‍ച്ചെ മൂന്നുവരെ കാത്തിരുന്നു. ഒടുവില്‍ സ്ത്രീയുമായി ആംബുലന്‍സ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തി. പുലര്‍ച്ചെ അഞ്ചുമണിയോടെ സ്ത്രീയെ അജ്ഞാത രോഗികളെ പരിചരിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ പരിചരണത്തിലാക്കിയതോടെയാണ് ആറുമണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമായത്.