വിൻഡീസിനെതിരായ ആദ്യ ട്വന്റി ട്വന്റി: തപ്പിത്തടഞ്ഞ് ഇന്ത്യയ്ക്ക് ആദ്യ വിജയം
സ്വന്തം ലേഖകൻ
ഫ്‌ളോറിഡ: വിൻഡീസിനെതിരായ പരമ്പരയിലെ ആദ്യ ട്വന്റി ട്വന്റിയിൽ ഇന്ത്യ കഷ്ടപ്പെട്ട് വിജയിച്ചു. ഇതോടെ പരമ്പരയിൽ ഇന്ത്യ 1-0 ത്തിന് മുന്നിലെത്തി. അമേരിക്കയിലെ ഫ്ളോറിഡയിലെ ബോളിങ് പിച്ചിൽ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ വെസ്റ്റിൻഡീസിന് നേടാനായത് 95 റൺസ് മാത്രം. എന്നാൽ തപ്പിത്തടഞ്ഞ ഇന്ത്യ ആറുവിക്കറ്റ് നഷ്ടപ്പെടുത്തി 17.2 ഓവറിലാണ് ലക്ഷ്യംകണ്ടത്. രോഹിത് ശർമ (24), ക്യാപ്റ്റൻ വിരാട് കോഹ്ലി (19), മനീഷ് പാണ്ഡെ (19) എന്നിവർ മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത്. അതേസമയം സ്വയം ഒഴിഞ്ഞുനിന്ന മഹേന്ദ്ര സിങ് ധോണിക്കു പകരം ടീമിലെത്തിയ ഋഷഭ് പന്ത് ആദ്യ പന്തിൽ പുറത്തായി. സുനിൽ നരെയ്ൻ, ഷെൽഡൺ കോട്ട്രൽ, കീമോ പോൾ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
അരങ്ങേറ്റത്തിൽ മൂന്ന് വിക്കറ്റ് നേടിയ സൈനിയാണ് കീബീയൻ ടീമിനെ ചെറുസ്‌കോറിൽ ഒതുക്കാൻ സഹായിച്ചത്. ആദ്യ ഓവറിലെ രണ്ടാം പന്തിൽ ജോൺ കാംപ്ബെല്ലിനെ പുറത്താക്കി വാഷിങ്ടൺ സുന്ദറാണ് വിൻഡീസിന്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്. തൊട്ടടുത്ത ഓവറിൽ തന്നെ എവിൻ ലൂയിസിനെ പുറത്താക്കി ഭുവനേശ്വറും വിൻഡീസിന് പ്രഹരമേൽപ്പിച്ചു. രണ്ട് പേരും അക്കൗണ്ട് തുറക്കും മുമ്പാണ് മടങ്ങിയത്. തന്റെ ആദ്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ നവ്ദീപ് സൈനി നാല് ഓവറിൽ 17 റൺസ് വഴങ്ങി മൂന്ന് വിക്കറ്റാണെറിഞ്ഞിട്ടത്. നിക്കോളാസ് പൂരാൻ, കിറോൺ പൊള്ളാർഡ്, ഹെറ്റ്മെയർ എന്നീ വമ്ബന്മാരെയാണ് സൈനി തിരിച്ചയച്ചത്. വിൻഡീസ് ബാറ്റ്സ്മാന്മാരിൽ തിളങ്ങിയത് പൂരാനും പൊള്ളാർഡും മാത്രമാണ്. 49 പന്തിൽ 4 സിക്സും 2 ഫോറും പായിച്ചാണു പൊള്ളാർഡ് 49 റൺസെടുത്തത്. പൂരാൻ 20 റൺസും കൂട്ടിച്ചേർത്തു. വിൻഡീസ് ബാറ്റിങ് നിരയിൽ മറ്റാരും രണ്ടക്കം കടന്നില്ല. 4 ഓവറിൽ 19 റൺസ് വിട്ടുകൊടുത്ത് പേസർ സെയ്നി 3 വിക്കറ്റെടുത്തപ്പോൾ ഭുവനേശ്വർ കുമാർ 2 വിക്കറ്റും വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, ഖലീൽ അഹമ്മദ്, ക്രുനാൽ പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതവുമെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group