
മുണ്ടക്കയം ഈസ്റ്റ് : മലയോരം കൈയടക്കി കാട്ടാനക്കൂട്ടം.വനാതിർത്തി മേഖലയിലെ ജനങ്ങൾ ഭീതിയുടെ നിഴലിലാണ്. മതമ്പ, കാളകെട്ടി, കൊയ്‌നാട്, കോരുത്തോട്, മുറിഞ്ഞപുഴ, പുല്ലുമേട്, ചെന്നാപ്പാറ, കുഴിമാവ്, ബോധി, അഴുത പ്രദേശങ്ങളിലൂടെയാണ് ഇവയുടെ സഞ്ചാരം. രാത്രികാലങ്ങളിൽ ജനവാസമേഖലയിലിറങ്ങി കൃഷി നശിപ്പിക്കുന്നതും പതിവാണ്. ആനക്കൂട്ടത്തിൽ കുട്ടിയാനകളും ഉൾപ്പെടുന്നു.
ഒന്നും രണ്ടുമല്ല 26 കാട്ടാനകൾ.
ജനവാസ മേഖലകളിൽ എത്തുമ്പോൾ പടക്കം പൊട്ടിച്ചും തീ കത്തിച്ചും ജനങ്ങൾ ഓടിക്കുകയാണ് പതിവ്. തോട്ടങ്ങളിലെ ലയങ്ങൾക്ക് സമീപം വരെ രാത്രിയിൽ ആന ഇറങ്ങുന്നുണ്ട്. അപകടസാദ്ധ്യത മുന്നിൽകണ്ട് വനാതിർത്തി മേഖലകളിൽ രാത്രി യാത്ര ഒഴിവാക്കുകയാണ്.
ടി.ആർ.ആൻഡ് ടി എസ്റ്റേറ്റിലെ റബർത്തോട്ടത്തിന് നടുവിൽ വഴിമുടക്കിയും ചിന്നംവിളിച്ചും കാട്ടാനകൾ എത്തുന്നതോടെ പലരും ടാപ്പിംഗ് ഉപേക്ഷിച്ചു. കാലങ്ങളായി ഇവയുടെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാട്ടിലേക്ക് ഓടിക്കും, വീണ്ടും വരും. തീറ്റ കുറവായതിനാൽ ഇവ പെരിയാർ ഉൾവനം കയറിപ്പോകാൻ കൂട്ടാക്കുന്നില്ല. ശബരിമല വനത്തിന്റെ 88 അതിർത്തി പങ്കിടുന്ന മറ്റ് പ്രദേശങ്ങളിൽ സോളാർ വേലികളുണ്ട്. എന്നാൽ മതമ്പ്, ചെന്നാപ്പാറ മേഖലകളിൽ വേലികൾ നശിച്ച നിലയിലാണ്. ശല്യം രൂക്ഷമാകുമ്പോൾ വനംവകുപ്പധികൃതർ എത്തി കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് ഓടിച്ചുവിടും.
തൊട്ടടുത്ത ദിവസം മറ്റൊരു സ്ഥലത്ത് കാട്ടാന പ്രത്യക്ഷപ്പെടും. അല്ലാതെ പരിഹാരമൊന്നുമില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.