ഇനിയൊരു അപകടം ഉണ്ടാവാൻ കാത്തിരിക്കരുത്; കണമലയിലെ ശല്യക്കാരൻ ആനയെ തുരത്തണമെന്ന് പോലീസ് റിപ്പോര്‍ട്ട്

Spread the love

കണമല: കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി മലയോര മേഖല. മൂക്കൻപെട്ടി, പത്തേക്കർ,പമ്ബാവാലി, കീരിത്തോട് ഭാഗങ്ങളില്‍ ദിവസങ്ങളായി കൃഷി നശിപ്പിച്ച്‌ ഭീതി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കാട്ടാനയെ കാടിനുള്ളിലേക്ക് വനംവകുപ്പ് ഇടപെട്ട് തുരത്തിയില്ലെങ്കില്‍ അത്യാഹിത സംഭവങ്ങള്‍ ഉണ്ടായേക്കാമെന്ന് പോലീസ്.

ആനയ്ക്ക് ആരൊക്കെയോ ചക്ക ഉള്‍പ്പെടെ ഭക്ഷണം ഉപ്പ് ചേർത്ത് നല്‍കുന്നുണ്ടെന്നും റിപ്പോർട്ടില്‍ പരാമർശമുണ്ട്. ഭക്ഷണം കിട്ടുന്നതുകൊണ്ടാണ് മൂക്കൻപെട്ടി ഭാഗത്ത്‌ ആന ചുറ്റിത്തിരിയുന്നത്.

ആനയെ തുരത്താൻ കഴിയുന്നില്ലെങ്കില്‍ അതിന് സഹായിക്കുന്ന ഗർജനം പോലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നത് ഉള്‍പ്പെടെ ശാസ്ത്രീയമായ മാർഗങ്ങള്‍ ഉപയോഗിക്കാൻ വനംവകുപ്പിനോട് നിർദേശിക്കുന്നത് പരിഗണിക്കണമെന്ന് റിപ്പോർട്ടില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പോലീസ് മേധാവിക്കാണ് ഇത് സംബന്ധിച്ച്‌ സമഗ്രമായ റിപ്പോർട്ട് പോലീസ് സ്പെഷല്‍ ബ്രാഞ്ച് വിഭാഗം നല്‍കിയത്.കാളകെട്ടി, പത്തേക്കർ, അരുവിക്കല്‍ ഭാഗങ്ങളിലാണ് ഇപ്പോള്‍ ഈ ആനയുടെ സാന്നിധ്യമുള്ളത്. ഈ ഭാഗത്ത്‌ നിലവില്‍ സോളാർ ഫെൻസിംഗ് വേലികള്‍ ഉണ്ടെങ്കിലും പ്രവർത്തനരഹിതമാണ്.

ചില ഭാഗത്ത്‌ ഫെൻസിംഗ് ഇല്ല. ഇതുവഴിയാണ് ആനയുടെ വരവ്. വൈദ്യുതിലൈനും പോസ്റ്റും തകർത്ത് കഴിഞ്ഞയിടെ ആന പ്രദേശത്തെ വീടിന് മുന്നില്‍ വരെയെത്തി. ഈ വർഷം മാർച്ചില്‍ കുട്ടിയാനയും ഒറ്റക്കൊമ്ബനും കണമല, പാറക്കടവ് പ്രദേശങ്ങളില്‍ ദിവസങ്ങളോളം കൃഷി നശിപ്പിച്ചിരുന്നു.

കാട് വെട്ടിയാല്‍ ഫെൻസിംഗ് ചാർജ് ചെയ്യാമെന്ന് വനംവകുപ്പ് നല്‍കിയ ഉറപ്പില്‍ കഴിഞ്ഞ വർഷം സെപ്റ്റംബറില്‍ വേലികളുടെ ഇടയില്‍ വളർന്ന കാടുകള്‍ നാട്ടുകാർ വെട്ടിമാറ്റിയിരുന്നു. എന്നാല്‍ ചാർജ് ചെയ്യാൻ വനംവകുപ്പ് തയാറായില്ല. തുടർന്ന് വീണ്ടും കാട് വളർന്നത് ഒരാഴ്ച മുമ്ബ് നാട്ടുകാർ ചേർന്ന് ശ്രമദാനം നടത്തി നീക്കിയിരുന്നു. ഇതിനുശേഷം ഫെൻസിംഗ് ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ജില്ലാ ഫോറസ്റ്റ് ഓഫീസർക്ക് നിവേദനം നല്‍കിയിട്ട് നടപടി ഉണ്ടാകാതെ വന്നതോടെ വനംമന്ത്രിക്കു പൊതുപ്രവർത്തകൻ എഴുപ്ലാക്കല്‍ ബെന്നി പരാതി നല്‍കിയിരുന്നു.

ഈ പരാതി ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർക്ക് കൈമാറിയെന്ന് വനംമന്ത്രിയുടെ ഓഫീസില്‍നിന്ന് അറിയിച്ചതിന് പിന്നാലെ വൈകാതെ ചാർജ് ചെയ്യാമെന്ന് ഡിഎഫ്‌ഒ ബെന്നിയെ വിളിച്ചറിയിച്ചിരുന്നു. നശിച്ച ബാറ്ററികള്‍ മാറ്റി പുതിയവ വാങ്ങുന്നതിനും അറ്റകുറ്റപ്പണികള്‍ക്കും ഫണ്ട് ഇല്ലെന്നാണ് വനപാലകർ ഫെൻസിംഗ് ചാർജ് ചെയ്യാൻ വൈകുന്നതിന് കാരണമായി നാട്ടുകാരോട് പറയുന്നത്.

കഴിഞ്ഞ അഞ്ചു വർഷമായി പമ്ബാവാലി മേഖലയില്‍ കാട്ടാനകളുടെ ശല്യം വർധിച്ചെന്നാണ് കണക്കുകള്‍. കഴിഞ്ഞ വർഷം ഏപ്രിലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തുലാപ്പള്ളിയില്‍ ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ടതാണ്. ആന, പന്നി, പോത്ത്, കുരങ്ങ്, മലയണ്ണാൻ എന്നിവയാണ് കാട്ടില്‍നിന്നു നാട്ടിലേക്ക് കൂടുതലായി എത്തി കൃഷി നശിപ്പിക്കുന്നത്. വന്യജീവികളെ പേടിച്ച്‌ വീടും സ്ഥലവും ഉപജീവനവും ഉപേക്ഷിച്ച്‌ ഒട്ടേറെ കുടുംബങ്ങളാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി നാടു വിടുന്നത്. കൃഷി നിർത്തിയവരുടെ എണ്ണം ഇതിലുമേറെയാണ്.

മൂക്കൻപെട്ടി വനാതിർത്തിയിലുള്ള മൂന്ന് ഏക്കർ സ്ഥലവും വീടുമുണ്ടായിരുന്ന ചെങ്കോട്ടയില്‍ ഷൈൻ ചാക്കോയും കുടുംബവും വന്യമൃഗഭീഷണിമൂലം ഇപ്പോള്‍ എരുമേലി കാരിത്തോട് ഭാഗത്താണ് താമസിക്കുന്നത്. മൂന്നു വർഷമായി മൂക്കൻപെട്ടിയിലെ സ്ഥലത്തുള്ള റബർ മരങ്ങള്‍ ടാപ്പ് ചെയ്തിട്ടില്ലെന്നും പേടി കൊണ്ട് അങ്ങോട്ട് വല്ലപ്പോഴുമാണ് പോകുന്നതെന്നും കൃഷി നിലച്ചതുമൂലം പറമ്ബില്‍ വളർന്ന കാട് വെട്ടിനീക്കണമെങ്കില്‍ കുറഞ്ഞത് അര ലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്നും കാട്ടാനശല്യം സംബന്ധിച്ച പോലീസിന്‍റെ അന്വേഷണത്തില്‍ ഷൈൻ ചാക്കോ അറിയിച്ചു.

വന്യജീവികള്‍ തുടർച്ചയായി കൃഷി നശിപ്പിക്കുന്നതുമൂലം ഒട്ടേറെ പറമ്പുകളില്‍ വർഷങ്ങളായി കൃഷി നിലച്ചതോടെ വലിയ തോതില്‍ കാട് വളർന്നുനില്‍ക്കുകയാണ്.

കാളകെട്ടി മുതല്‍ കോരുത്തോട് വരെയുള്ള റോഡിലെ വനപാതയില്‍ ഫെൻസിംഗ് വച്ചത് അശാസ്ത്രീയമാണെന്ന് നാട്ടുകാർ പറയുന്നു. രണ്ട് വനമേഖലകള്‍ക്ക് ഇടയിലൂടെയാണ് റോഡ് കടന്നുപോകുന്നത്. റോഡിന്‍റെ താഴ്ഭാഗം അഴുതാ നദിയും ശബരിമല വനവുമാണ്. റോഡിന്‍റെ എതിർവശം കോയിക്കക്കാവില്‍നിന്നു തുടങ്ങുന്ന ശബരിമല തീർഥാടന കാനനപാതയാണ്.

ഫെൻസിംഗ് വച്ചത് റോഡിനോട് ചേർന്ന് അഴുതയാറിന്‍റെ ഭാഗത്താണ്. ഇതുമൂലം ആനകള്‍ മൂക്കൻപെട്ടി, കോയിക്കക്കാവ്, തുമരംപാറ, എലിവാലിക്കര, കൊപ്പം പ്രദേശങ്ങളിലേക്കാണ് എത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. ഫെൻസിംഗ് എതിർ ദിശയില്‍ സ്ഥാപിച്ചാല്‍ ആനകള്‍ ശബരിമല വനത്തിലാകുമെന്നാണ് നാട്ടുകാർ പറയുന്നത്.