
പാലക്കാട്: പാലക്കാട് കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്കേറ്റു. പാലക്കാട് അട്ടപ്പാടി സ്വദേശി സുന്ദരിയുടെ മകൻ സതീശന് (22) ആണ് പരിക്കേറ്റത്. തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന തോണ്ടൈ പ്രദേശത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം.
ഗുരുതര പരിക്കേറ്റ യുവാവിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണ വീട്ടിൽ പോയി സ്കൂട്ടറിൽ മടങ്ങിവരുകയായിരുന്നു സതീശ്. ഇതിനിടെയാണ് കാട്ടാന ആക്രമിച്ചത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവം.
യുവാവിന്റെ സ്കൂട്ടര്‍ കാട്ടാന മറിച്ചിട്ടു. തുടര്‍ന്ന് യുവാവിന്റെ വയറിന് കുത്തി കൊമ്പിൽ കോര്‍ത്ത് ദൂരേക്ക് എറിയുകയായിരുന്നു. യുവാവിന്റെ സ്കൂട്ടറും കൊമ്പിൽ കോര്‍ത്തെറിഞ്ഞു. യുവാവ് ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വയനാട്ടിൽ കടുവ ആക്രമണത്തിൽ പ്രതിഷേധം ശക്തമായിരിക്കെയാണ് പാലക്കാടും വന്യജീവി ആക്രമണം ഉണ്ടായെന്ന വാര്‍ത്ത പുറത്തുവരുന്നത്. ഇന്ന് പുലര്‍ച്ചെ പാലക്കാട് വാളയാറിൽ കാട്ടാനയാക്രമണത്തിൽ യുവകർഷകനും പരിക്കേറ്റിരുന്നു. വാളയാർ വാദ്യാർചള്ളം സ്വദേശി വിജയനാണ് പരിക്കേറ്റത്.
കൃഷിസ്ഥലത്തിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ ആനകളിലൊന്ന് തുമ്പിക്കൈകൊണ്ട് തട്ടുകയായിരുന്നു. കാലിനും ഇടുപ്പിനും പരിക്കേറ്റ വിജയനെ തൃശൂരിലെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റി. പുലർച്ചെ നാലുമണിയോടെ ആനയിറങ്ങിയത് ശ്രദ്ധയിൽപെട്ട വിജയനും പിതാവും ചേ൪ന്ന് ആനയെ തുരത്തുന്നതിനിടെയാണ് ആക്രമണം.
വനാതിർത്തിയോട് ചേർന്ന പ്രദേശമായതിനാൽ സ്ഥിരമായി ആന ഇറങ്ങുന്നയിടമെന്ന് കർഷകർ. വനംവകുപ്പിന്റെ നേതൃത്വത്തിൽ ഫെൻസിങ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് ഭേദിച്ചാണ് കാട്ടാന ജനവാസ മേഖലയിലെത്തുന്നത്. ചികിത്സയിലുള്ള വിജയൻ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു