അമ്മയെ കാണാനില്ല: കൂട്ടം തെറ്റിയ കുട്ടിയാന സഹായത്തിനായി ഓടിയത് വനപാലകരുടെ അടുത്തേക്ക്; ഒടുവിൽ സന്തോഷകരമായ പുനസമാഗമം; വീഡിയോ വൈറല്‍

Spread the love

അസം: കൂട്ടം തെറ്റിയ കുട്ടിയാനയെ അമ്മയാനയ്ക്ക് അരികിലെത്തിച്ച്‌ വനപാലകർ. അസമിലെ കാസിരംഗ നാഷണല്‍ പാർക്ക് ആൻഡ് ടെെഗർ റിസർവിലാണ് സംഭവം.

വനപാലകർ കുട്ടിയാനയെ വീണ്ടും അമ്മയുടെ അടുത്തെത്തിക്കുന്ന ഹൃദയസ്പർശിയായ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.

തൻറെ അമ്മയെ കാണാതായതോടെ പേടിച്ച്‌ പോയ കുട്ടിയാന ആദ്യമെന്ത് ചെയ്യണം എന്നറിയാതെ ഭയന്ന് നിലവിളിച്ച്‌ കാസിരംഗ ദേശീയ ഉദ്യാനത്തിലെ ഇടുങ്ങിയ റോഡിലൂടെ പരിഭ്രാന്തനായി ഓടുന്നു. ഈ സമയത്താണ് അതുവഴി കടന്ന് പോവുകയായിരുന്ന വനപാലകരുടെ സംഘത്തെ കുട്ടിയാന കാണുന്നത്. തുടർന്ന് അവർക്ക് അരികിലേക്ക് കരഞ്ഞ് കൊണ്ട് ഓടിയെത്തുന്നു. പിന്നെ വൈകിയില്ല, വനപാലകർ അവനെ അമ്മയ്ക്കരികിലേക്ക് വഴി തിരിച്ചു വിടുന്നു. ഈ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത് റിട്ട. ഐഎഫ്‌എസ് ഉദ്യോഗസ്ഥൻ സുശാന്ത നന്ദയാണ്.

അമ്മ ആന നിലയുറച്ചിരുന്ന സ്ഥലത്തിന് സമീപം എത്തിയപ്പോള്‍, ആനക്കുട്ടിയുടെ ദേഹത്ത് അമ്മയുടെ ഗന്ധം പകര്‍ന്നു നൽകുന്നതിനായി, വനപാലകരിലൊരാള്‍ അമ്മയുടെ പിണ്ഡം കുട്ടിയാനയുടെ ദേഹത്ത് തേച്ചുപിടിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. മനുഷ്യന്റെ ഗന്ധം ഇല്ലാതാക്കി അമ്മയ്ക്ക് തന്‍റെ കുഞ്ഞിനെ എളുപ്പത്തില്‍ തിരിച്ചറിയാൻ ഇത് സഹായിക്കുമെന്നതാണ് അതിന് പിന്നിലുള്ള ഉദ്ദേശം എന്നാണ് വീഡിയോയിൽ പറയുന്നത്.

അമ്മ ആന തന്‍റെ കുഞ്ഞിനെ തിരിച്ചറിഞ്ഞ് കാടിനുള്ളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. അമ്മയുടെ പിന്നാലെ നടന്നു പോകുന്ന കുട്ടിയാന നന്ദി പറയുന്നത് പോലെ ചെറിയ ശബ്ദത്തില്‍ കാഹളം മുഴക്കുന്നതും കേള്‍ക്കാം.

കൂടാതെ വീഡിയോ ചിത്രീകരിച്ച വനപാലകർ, ‘ധൈര്യമായി മുന്നോട്ട് പോയിക്കൊള്ളൂ നീ ഇപ്പോള്‍ സുരക്ഷിതനാണ്’, എന്ന് ആനക്കുട്ടിയോട് വിളിച്ച്‌ പറയുന്നതും വീഡിയോയിൽ ഉണ്ട്. ‘ഒടുവിൽ, സന്തോഷകരമായ പുനസമാഗമം’ എന്ന കുറിപ്പോടെ പങ്കുവെച്ച ഈ വീഡിയോ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിലൂടെ നിരവധിപേരുടെ ഹൃദയം കീഴടക്കി.