
മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വൃദ്ധദമ്പതികള്‍ക്ക് പുലിയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം. നിനോ കങ്ക്(75), ഭാര്യ രുക്മിണിബായി കങ്ക്(70) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ശനിയാഴ്ച അർദ്ധരാത്രിയില്‍ ആണ് സംഭവം. ആടുവളർത്തലിലൂടെ ഉപജീവനം കണ്ടെത്തിയ ദമ്പതികൾ കാഡ്വി അണക്കെട്ടിന് സമീപമുള്ള പുല്ലുമേഞ്ഞ ഷെഡിലാണ് താമസിച്ചിരുന്നത്. ഉറങ്ങിക്കിടക്കുന്ന സമയത്ത് ഒരു പുള്ളിപ്പുലി ഇരുവരേയും ആക്രമിക്കുകയും വീട്ടില്‍ നിന്ന് വലിച്ചിഴച്ചു പുറത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു. അണക്കെട്ടിലെ വെള്ളത്തിലേക്ക് വലിച്ചിഴക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.
പാതി തിന്ന നിലയിലും അംഗഭംഗം വന്ന നിലയിലുമായിരുന്നു ഇരുവരുടേയും മൃതദേഹം കിടന്നത്. രാവിലെയാണ് സംഭവം പരിസരവാസികള്‍ കണ്ടത്. ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഉജ്വല മഗ്ദിന്റേയും, പോലീസ് ഇൻസ്പെക്ടർ വിജയ് ഘെർഡെയുടേയും നേതൃത്വത്തിലുള്ള സംഘമെത്തി സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹങ്ങള്‍ പിന്നീട് പോസ്റ്റ്മോർട്ടത്തിനായി മാല്‍കാപ്പൂർ റൂറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Whatsapp Group 1 | Whatsapp Group 2 |Telegram Group


