ഭർത്താവിന്റെ മർദ്ദനത്തെ തുടർന്ന് പരിക്കേറ്റ ഭാര്യ ആന്തരിക രക്തസ്രാവത്തെ തുടർന്ന് മരിച്ച സംഭവം: അറസ്റ്റിലായ ഭർത്താവ് സോണിയെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി; വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം തുടർ നടപടികളെന്ന് പൊലീസ്

Spread the love

ചേർത്തല: ഭർത്താവിന്റെ മർദ്ദനത്തെ തുടർന്ന് ഭാര്യ മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് സോണിയെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

ചേർത്തല നഗരസഭ 29-ാം വാർഡ് പണ്ടകശാലാപറമ്പിൽ സജി(46)യുടെ മരണത്തിലാണ് ഭർത്താവ് സോണി (48) യെ സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ചേർത്തല താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധനകൾക്ക് ശേഷം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-ഓടെ വീട്ടിലെത്തിച്ചു. മരിച്ച സജിയുടെ തല ഭിത്തിയിലിടിച്ചതും താഴെ വീണതും സോണി പൊലീസിന് വിവരിച്ച് കൊടുത്തു. അഞ്ച് മിനിട്ടോളം സമയമെടുത്ത് തെളിവെടുപ്പ് പൂർത്തീകരിച്ച് മടങ്ങി.

സോണിയെ തെളിവെടുപ്പിന് കൊണ്ടുവരുന്നുണ്ടെന്നറിഞ്ഞ് നിരവധി നാട്ടുകാരും തടിച്ചുകൂടി. അമ്മയുടെ മരണം പിതാവിന്റെ ആക്രമണത്തെ തുടർന്നാണെന്ന് മകൾ മീഷ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് സോണിക്കെതിരെ കേസെടുത്തത്. പോസ്റ്റുമോർട്ടം റിപ്പോർട്ടും മകളുടെ മൊഴി ശരിവെക്കുന്നതായിരുന്നു. തലയിലേറ്റ പരിക്കിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോർമോട്ടം റിപ്പോർട്ട് പൊലീസിന് ലഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനുവരി 8ന് തലയ്ക്ക് പരുക്കേറ്റ സജിയെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. വീട്ടിലെ കോണിപ്പടിയിൽ നിന്നു വീണ് പരുക്കേറ്റു എന്നാണ് സോണിയും മകൾ മിഷ്മയും ആശുപത്രിയിൽ പറഞ്ഞത്. ഒരു മാസത്തെ ചികിത്സയ്ക്കൊടുവിൽ ഫെബ്രുവരി 9 നാണ് സജി മരിച്ചത്.

മുട്ടം ഫൊറോന പള്ളിയിൽ സംസ്കാരം നടത്തിയെങ്കിലും മരണത്തിനു കാരണം അച്ഛന്റെ അക്രമണമാണെന്നു ആരോപിച്ച് മിഷ്മ നൽകിയ പരാതിയെത്തുടർന്ന് മൃതദേഹം കല്ലറയിൽ നിന്നു പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ കേസിന്റെ തുടർ നടപടികളിലേക്ക് പൊലീസ് കടക്കുകയുള്ളുവെന്ന് സി ഐ ജി അരുൺ പറഞ്ഞു.