ട്രാവലറിന് മുന്നില്‍ ചാടിയ യുവതി മരിച്ചു ; കെ.എസ്.ആർ.ടി.സി. കണ്ടക്ടറായ ഭർത്താവിനെ കാണ്മാനില്ല ; വീട് വിട്ടിറങ്ങിയത് ഇരുവരും ഒരുമിച്ച്
സ്വന്തം ലേഖകൻ
കൊല്ലം: നൃത്തസംഘം സഞ്ചരിച്ച ട്രാവലറിന് മുന്നില്‍ ചാടിയ യുവതി മരിച്ചു. കെ.എസ്.ആർ.ടി.സി. കണ്ടക്ടറായ ഭർത്താവിനെ കാണാതായി.
കുന്നിക്കോട് ആവണീശ്വരം മീനംകോട് കോളനിയില്‍ മീനംകോട് വീട്ടില്‍ ആർ. രാജി(38) ആണ് മരിച്ചത്. ഭർത്താവ് പുനലൂർ ഡിപ്പോയിലെ കണ്ടക്ടർ വിജേഷിനെയാണ് കാണാതായത്. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് രാജി ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുന്നില്‍ ചാടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുന്നിക്കോട്- പത്തനാപുരം റോഡില്‍ ആവണീശ്വരം റെയില്‍വേ സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. നൃത്തസംഘം സഞ്ചരിച്ച വാഹനത്തിന് മുന്നിലേക്ക് യുവതി അപ്രതീക്ഷിതമായി എടുത്തുചാടുകയായിരുന്നെന്ന് വാഹനത്തിന്റെ ഡ്രൈവർ ശ്രീജിത്ത് പറഞ്ഞു.
പട്ടാഴി അരുവിത്തറ തേവരുകുന്ന് മഹാദേവ ക്ഷേത്രത്തില്‍ ഉത്സവപരിപാടി കഴിഞ്ഞുമടങ്ങിയ ആയൂർ ഇളമാട് സ്വദേശികളായിരുന്നു വാഹനത്തിലെ യാത്രക്കാർ. പിന്നാലെ വന്ന നൃത്ത സംഘത്തിന്റെ മറ്റൊരുവാഹനത്തില്‍ യുവതിയെ പുനലൂർ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവ സമയം മുതല്‍ കാണാതായ ഭർത്താവ് വിജേഷിനെ കണ്ടെത്താൻ കുന്നിക്കോട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ദമ്ബതിമാർ ഒരുമിച്ച് വീടുവിട്ടിറങ്ങിയതായി പറയുന്നു. സാമ്ബത്തിക ബാധ്യതയുണ്ടായിരുന്ന ഇവർ വീട് പണയപ്പെടുത്തി ലോണെടുക്കുന്നത് സംബന്ധിച്ച് വ്യാഴാഴ്ച വൈകീട്ട് സംസാരിച്ചിരുന്നതായി വിളക്കുടി ഗ്രാമപ്പഞ്ചായത്തംഗം സുനി സുരേഷ് പറഞ്ഞു.
പുനലൂർ താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍: അക്ഷയ, അക്ഷര.