play-sharp-fill
ധോണിയെ ഒഴിവാക്കി, ഇനി പന്ത് തന്നെ ഇന്ത്യയുടെ കീപ്പർ: പിൻതുണയുമായി ധോണി പിന്നിലുണ്ടാകും..!

ധോണിയെ ഒഴിവാക്കി, ഇനി പന്ത് തന്നെ ഇന്ത്യയുടെ കീപ്പർ: പിൻതുണയുമായി ധോണി പിന്നിലുണ്ടാകും..!

സ്വന്തം ലേഖകൻ

മുംബൈ: ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് സ്വപ്‌നങ്ങൾ ഇംഗ്ലണ്ടിലെ മൈതാനത്ത് സെമിയിൽ അവസാനിച്ചതോടെ ഇന്ത്യയുടെ മഹാനായ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ കരിയർ സംബന്ധിച്ചു തീരുമാനമായിരുന്നു. വിൻഡീസ് പര്യടനത്തോടെ ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പർ സ്ഥാനത്തേയ്ക്ക് ഋഷഭ് പന്തിനെ പൂർണമായും നിയോഗിച്ചതോടെ ധോണി ഇന്ത്യയുടെ കീപ്പർ സ്ഥാനത്ത് നിന്നും പുറത്തായതായി ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഇതിനിടെയാ്ണ് ധോണി ടീമിനൊപ്പം ഉണ്ടാകുമെന്നും പന്തിന്റെ ഉപദേശകനായി ടീമിന്റെ ഭാഗായി ഉണ്ടാകുമെന്നുമുള്ള വാർത്തകൾ പുറത്ത് വന്നിരിക്കുന്നത്. വെസ്റ്റ് ഇൻഡീസുമായുള്ള പരമ്പരയിൽ നിന്നും താരത്തിന് അവധി നൽകാനായിരുന്നു ടീം മാനേജ്മെന്റിന്റെ തീരുമാനം. ഏതായാലും സെലക്ഷൻ കമ്മിറ്റി മീറ്റിംഗിനു മുമ്പ് തനിക്ക് രണ്ടുമാസത്തെ സൈനിക സേവനത്തിനായി വിട്ടുനിൽക്കാൻ അനുമതി ചോദിച്ച് ധോണി തന്നെയാണ് സെലക്ഷൻ കമ്മിറ്റിയെ സമീപിച്ചത്.
എന്നാൽ, ധോണിയുടെ കരിയറിനെ സംബന്ധിച്ച് നിർണായകമായ ഒരു തീരുമാനം എം.എസ്.കെ പ്രസാദും സംഘവും എടുത്തിരിക്കുന്നുവെന്ന് പറയാതെ വയ്യ. ഏകദിനത്തിലും ട്വന്റി-2യിലും സ്ഥിരം വിക്കറ്റ് കീപ്പർ എന്ന ധോണിയുടെ പദവിയിലേക്ക് അവർ ഋഷഭ്പന്തിനെ അവരോധിച്ചിരിക്കുന്നു. ടെസ്റ്റ് ടീമിൽ ഫസ്റ്റ് കീപ്പർ സാഹയാണെങ്കിലും ഋഷഭിനും സ്ഥാനമുണ്ട്. പന്താണ് ഭാവിയുടെ വിക്കറ്റ് കീപ്പറെന്ന് ടീം പ്രഖ്യാപനത്തെത്തുടർന്ന് നടത്തിയ പത്രസമ്മേളനത്തിൽ ചീഫ് സെലക്ടർ പറയുകയും ചെയ്തിരിക്കുന്നു.
ടീം സെലക്ഷനു മുമ്പുതന്നെ ധോണിയുമായി എം.എസ്.കെ. പ്രസാദ് രഹസ്യമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് സൂചനയുണ്ടായിരുന്നു. ഈ ചർച്ചകളിൽ ഋഷഭ്പന്ത് ഫുൾടൈം വിക്കറ്റ് കീപ്പറായി പൂർണ പാകത നേടുംവരെ ധോണി ടീമിൽ തുടരുക എന്ന ഫോർമുലയാണ് ഉരുത്തിരിഞ്ഞുവന്നത്. കളിക്കാരനെന്നതിലുപരി പന്തിന്റെ പരിശീലകനായി ടീമിൽ തുടരുകയാണെങ്കിൽ ധോണിക്കും വലിയ എതിർപ്പില്ലായിരുന്നുവത്രെ. അടുത്തവർഷം നടക്കുന്ന ട്വന്റി-20 ലോകകപ്പുവരെ ഈ രീതിയിൽ പോകാമെന്നും ഒരു ലോകകപ്പ് നേടി വിരമിക്കാനുള്ള അവസരം ധോണിക്ക് നൽകാമെന്നുമാണ് സെലക്ടർമാരുടെ പ്ളാൻ.
ഈ പദ്ധതിയനുസരിച്ചാകും വരുന്ന ഹോംസീസണിലേക്കുള്ള ടീം സെലക്ഷൻ. 15 അംഗ ടീമിൽ ധോണിക്ക് സ്ഥാനമുണ്ടാകുവാൻ ഇടയുണ്ടെങ്കിലും പ്ളേയിംഗ് ഇലവനിലേക്ക് അദ്ദേഹം എത്തുമെന്ന് പറയാനാവില്ല. ഋഷഭ് പന്തിന് വിശ്രമം വേണ്ടപ്പോൾ മാത്രം ധോണി കളിക്കാനാണ് സാധ്യത. അങ്ങനെ വന്നാൽ, അധികം മത്സരങ്ങളിൽ ധോണിയുടെ സാന്നിദ്ധ്യം ഉണ്ടാവാൻ ഇടയില്ല. ധോണി സ്ഥിരമായി കളിക്കളത്തിലിറങ്ങുന്നത് കാണാൻ അടുത്ത ഐ.പി.എൽ വരെ കാത്തിരിക്കണമെന്നു സാരം. ബാറ്റ്സ്മാൻ എന്ന നിലയിലാണ് ധോണി പഴയ ഫോമിലേക്ക് എത്താത്തത്. എന്നാൽ, വിക്കറ്റ് കീപ്പറെന്ന നിലയിൽ ഇപ്പോഴും ആള് പുലിയാണ്. ഫീൽഡ് സെറ്റിംഗിലും ബൗളിംഗ് ചെയ്ഞ്ചുകളിലും കൊഹ്ലിക്ക് ഇപ്പോഴും കരുത്തേകുന്നത് ധോണിയുടെ സാന്നിദ്ധ്യമാണ്. ഇത്രയും പരിചയസമ്പന്നനായ താരത്തെ പെട്ടെന്നൊരു നാൾ ഒഴിവാക്കുന്നത് നല്ലതാവില്ലെന്ന് സെലക്ടർമാർക്കുമറിയാം.