
വാട്‌സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് വലിയ ശല്യമാണ് സ്‌പാം മെസേജുകള്‍. എത്ര അവഗണിച്ചാലും ബ്ലോക്ക് ചെയ്‌താലും സ്‌പാം മെസേജുകള്‍ക്ക് ഒരു കുറവും ഉണ്ടാവാറില്ല.
മറുപടിയില്ലാത്ത വാട്‌സ്‌ആപ്പ് അക്കൗണ്ടുകളിലേക്ക് അയക്കാവുന്ന മെസേജുകളുടെ എണ്ണം പരിമിതപ്പെടുത്താനാണ് ഇപ്പോൾ മെറ്റ അധികൃതരുടെ നീക്കം. അതായത്, ബിസിനസ് അക്കൗണ്ടുകളില്‍ നിന്ന് മറ്റും പതിവായി മെസേജുകള്‍ വരുന്നതിനോട് ആളുകള്‍ പ്രതികരിക്കാതിരുന്നാല്‍, ഒരു പരിധി കഴിഞ്ഞാല്‍ മെസേജ് അയക്കല്‍ സ്വിച്ച് ഇട്ടതുപോലെ നില്‍ക്കും.
വാട്‌സ്‌ആപ്പിലെ സാധാരണ ഉപഭോക്താക്കളെയും ബിസിനസ് അക്കൗണ്ടുകളെയും ആഴത്തില്‍ സ്വാധീനിച്ചേക്കാവുന്ന വലിയൊരു നയംമാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ് മെറ്റ. പ്രതികരിക്കാത്ത ആളുകള്‍ക്ക് അയയ്ക്കാവുന്ന സന്ദേശങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്നതായാണ് മെറ്റയുടെ പ്രഖ്യാപനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സമീപ വർഷങ്ങളില്‍ വാട്‌സ്‌ആപ്പില്‍ വ്യാപകമായിരിക്കുന്ന സ്‌പാം മെസേജിംഗും ബള്‍ക്ക് മെസേജിംഗും കുറയ്ക്കുന്നതിനാണ് ഈ നീക്കം. വരും ആഴ്‌ചകളില്‍ ഈ പുതിയ പോളിസി വിവിധ രാജ്യങ്ങളില്‍ നടപ്പിലാകും. മറുപടി നല്‍കാത്ത ഒരു കോണ്‍ടാക്റ്റിന് അയയ്ക്കുന്ന ഓരോ സന്ദേശവും അയയ്‌ക്കുന്നയാളുടെ പ്രതിമാസ ക്വാട്ടയില്‍ കണക്കാക്കും. എന്നാല്‍ ഈ ക്വാട്ടയില്‍ അനുവദനീയമായ സന്ദേശങ്ങളുടെ കൃത്യമായ എണ്ണം എത്രയായിരിക്കുമെന്ന് മെറ്റ വെളിപ്പെടുത്തിയിട്ടില്ല.
അനാവശ്യമായതോ ആവര്‍ത്തിച്ചുള്ളതോ ആയ സന്ദേശങ്ങള്‍ തുടര്‍ച്ചയായി അയക്കുന്ന വ്യക്തികളെയും ബിസിനസ് അക്കൗണ്ടുകളെയുമാവും ഈ തീരുമാനം പ്രതികൂലമായി ബാധിക്കുക. അതായത്, ഒരു പ്രതികരണവും സന്ദേശം റിസീവ് ചെയ്യുന്നയാളില്‍ നിന്ന് ലഭിക്കുന്നില്ലെങ്കിലും ഫോളോ-അപ് മെസേജുകള്‍ അയച്ചുകൊണ്ടേയിരിക്കുന്ന ആളുകളുടെ ക്വാട്ടയില്‍ ഈ മെസേജുകളെല്ലാം മെറ്റ ഉള്‍പ്പെടുത്തും. എന്നാല്‍ വല്ലപ്പോഴും മാത്രം മെസേജുകള്‍ അയക്കുന്ന സുഹൃത്തുക്കളെയും വ്യക്തിഗത കോണ്‍ടാക്റ്റുകളെയും ഈ നിയന്ത്രണം പ്രതികൂലമായി ബാധിക്കില്ലെന്ന് മെറ്റ അവകാശപ്പെടുന്നു.