വാട്‌സ് ആപ്പിലൂടെ തുരുതുരാ അശ്ലീല ചിത്രങ്ങളും വീഡിയോകളും ; പരാതിയുമായി വീട്ടമ്മ ; അറുപതുകാരനെ പൊലീസ് കുടുക്കിയത് ശബ്ദത്തിലൂടെ
സ്വന്തം ലേഖകൻ
തൃശൂർ : വാട്സ് ആപ്പിലൂടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും അയച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ മധ്യവയസ്‌കൻ പിടിയിൽ. അങ്കമാലി ജവഹർ നഗർ കളമ്പാടൻ ആന്റണി (60) ആണ് അറസ്റ്റിലായത്.
ആളൂരിന് അടുത്തു താമസിക്കുന്ന വീട്ടമ്മയ്ക്കാണ് മാസങ്ങൾക്ക് മുൻപ് വാട്സ് ആപ്പിലൂടെ വിവിധ നമ്പറുകളിൽ നിന്ന് അശ്ലീല ചിത്രങ്ങളും വീഡിയോകളും എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതേത്തുടർന്ന് വീട്ടമ്മ പരാതിയുമായി പൊലീസിനെ സമീപിച്ചു. ഫെയ്സ്ബുക്കിൽ നിന്നും തന്റെ മക്കളുടെ ചിത്രങ്ങൾ പകർത്തിയെടുത്ത് അശ്ലീലമായി ചിത്രീകരിച്ച് പലർക്കും അയച്ചു കൊടുത്തു. ഇതേത്തുടർന്ന് ഇവരുടെ ഫോണിലേക്ക് ആളുകൾ വിളിക്കാൻ തുടങ്ങിയെന്നും വീട്ടമ്മ പരാതിയിൽ ചൂണ്ടിക്കാട്ടി.
വീട്ടമ്മയ്ക്ക് അയച്ച ശബ്ദ സന്ദേശം മാത്രമായിരുന്നു പൊലീസിന്റെ കൈവശമുണ്ടായിരുന്ന ഏക തെളിവ്. പതിറ്റാണ്ടുകൾക്കു മുൻപ് വാടകയ്ക്ക് താമസിച്ച സ്ഥലത്തെ വിലാസത്തിലുള്ള തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് പ്രതി സിം കാർഡ് എടുത്തിരുന്നത്. ഇതോടെ പ്രതിയെ കണ്ടെത്തൽ പൊലീസിന് ഭഗീരഥപ്രയത്നമായി മാറി.
ഒടുവിൽ ശബ്ദസന്ദേശത്തിൽ നിന്നും ആളെ കണ്ടെത്താനാകുമോ എന്ന പരീക്ഷണമാണ് നിർണായകമായത്. അങ്കമാലിയിലെ വിവിധ പ്രദേശങ്ങളിൽ ഈ ശബ്ദ സന്ദേശം കേൾപ്പിച്ച് പൊലീസ് ആളെ തിരിച്ചറിയുകയായിരുന്നു. അങ്കമാലിയിൽ സോളർ ഹീറ്ററുകളുടെയും അനുബന്ധ സാമഗ്രികളുടെയും ബിസിനസ് നടത്തുകയായിരുന്നു പ്രതിയെന്ന് പൊലീസ് അറിയിച്ചു.