
ന്യൂഡൽഹി: പശ്ചിമേഷ്യയില്‍ സംഘർഷം രൂക്ഷമായതോടെ ദുബായ് അടക്കം ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യാക്കാർ ആശങ്കയില്‍.
ജീവിതം മാർഗം തേടിയെത്തിയ തങ്ങള്‍ ഇപ്പോള്‍ ബോംബ് ഷെല്‍ട്ടറുകള്‍ തേടേണ്ട അവസ്ഥയിലാണെന്ന് ദുബായില്‍ ജോലി ചെയ്യുന്ന തൊഴിലാളി പ്രധാനമന്ത്രിയോട് പറഞ്ഞു. ഇറാനിലെ വിവിധ സർവ്വകലാശാലകളില്‍ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികള്‍ തങ്ങളെ എത്രയും വേഗം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു.
ഗള്‍ഫ് മേഖലയിലെ നിർമ്മാണ തൊഴിലാളികള്‍ മുതല്‍ ടെഹ്‌റാനിലെ മെഡിക്കല്‍ വിദ്യാർത്ഥികള്‍ വരെ സോഷ്യല്‍ മീഡിയ വഴി സഹായത്തിനായി അപേക്ഷിക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് ഇറാനില്‍ പഠിക്കാൻ പോയ ജമ്മു കശ്‌മീർ സ്വദേശികളായ രണ്ടായിരത്തോളം വിദ്യാർത്ഥികളാണ് കേന്ദ്ര സർക്കാരിൻ്റെ ഇടപെടല്‍ ആവശ്യപ്പെട്ട് രംഗത്ത് വന്നത്. വിനോദസഞ്ചാരികളെയും സംഘർഷം ഗുരുതരമായി ബാധിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഘർഷത്തെ തുടർന്ന് വ്യോമപാതകള്‍ അടച്ചതും വിമാനങ്ങള്‍ റദ്ദാക്കിയതും ഇവരെയെല്ലാം കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്.ഇന്ത്യാക്കാരെ സാധ്യമായ എല്ലാ രീതിയിലും സഹായിക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
ഇന്ത്യൻ പൗരന്മാർക്കായി അടിയന്തര ഹെല്‍പ്പ്‌ലൈൻ നമ്പറുകളും പുറത്തിറക്കിയിട്ടുണ്ടെന്നും വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികള്‍ പൗരന്മാരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.



