
സ്വന്തം ലേഖകൻ
കൊച്ചി: വിവാഹ ദിവസം അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട് നവവധു. വിവാഹ സ്ഥലത്തേക്ക് പോകുകയായിരുന്ന നവവധു സഞ്ചരിച്ച കാറിന് തീപിടിക്കുകയായിരുന്നു.ചുമട്ടു തൊഴിലാളികളുടെ സമയോചിതമായ ഇടപെടല്‍ മൂലം ആളപായമുണ്ടായില്ല. പൊലീസും നാട്ടുകാരും ചേര്‍ന്ന് തീയണച്ചതിനാല്‍ കാറിനും വലിയ നാശനഷ്ടമുണ്ടായില്ല.
ഇടപ്പള്ളി സിഗ്‌നലിന് സമീപം ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ആലപ്പുഴ സ്വദേശിനിയായ യുവതി തന്റെ വിവാഹത്തിനായി ആലുവയിലെ ഓഡിറ്റോറിയത്തിലേക്ക് ആഡംബര കാറായ ഔഡിയില്‍ പോകുകയായിരുന്നു. ഇടപ്പള്ളി സിഗ്‌നലിന് സമീപം നിര്‍ത്തിയപ്പോഴാണ് കാറില്‍ നിന്നും പുക ഉയരുന്നത് സമീപത്തുണ്ടായിരുന്ന ചുമട്ടു തൊഴിലാളികള്‍ കാണുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓടിയെത്തിയ തൊഴിലാളികള്‍ വിവരം കാറിലുള്ളവരെ അറിയിച്ചു. പരിഭ്രമിച്ചു പോയ യാത്രക്കാര്‍ കാര്‍ തുറക്കാൻ ശ്രമിച്ചെങ്കിലും ആദ്യം നടന്നില്ല. ഇതോടെ തൊഴിലാളികള്‍ കാറിന്റെ ചില്ലു തകര്‍ക്കാൻ ശ്രമിച്ചു. ഇതിനിടയില്‍ തന്നെ ഡോറുകള്‍ തുറന്നു. നവവധു ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ കാറില്‍ നിന്നും പുറത്തിറങ്ങിയ ഉടൻ എഞ്ചിൻ ഭാഗത്ത് നിന്നും തീ ആളികത്തുകയായിരുന്നു.
തീ കത്തിയതോടെ ചുമട്ടു തൊഴിലാളികള്‍ സമീപത്തെ ഹോട്ടലില്‍ നിന്നും വെള്ളം എടുത്ത് തീയണക്കാനുള്ള ശ്രമം തുടങ്ങി. അപ്പോഴേക്കും ട്രാഫിക് എസ്‌ഐ എസ്.ടി അരുളിന്റെ നേതൃത്വത്തില്‍ പൊലീസും എത്തി. വേഗം തന്നെ തീയണയ്ക്കാനും കഴിഞ്ഞു. ഭയന്നു പോയ നവ വധുവിനെയും ഒപ്പമുണ്ടായിരുന്നവരെയും മറ്റൊരു കാറില്‍ വിവാഹ മണ്ഡപത്തിലേക്ക് അയച്ചു.
ഏലൂരില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സ് സംഘം കാര്‍ പരിശോധിച്ചു. എഞ്ചിൻ ഭാഗത്തെ ഇലക്‌ട്രിക് വയറുകള്‍ കത്തിക്കരിഞ്ഞതായി കണ്ടെത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിച്ചതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വിവാഹ സ്ഥലത്തേക്ക് വധുവിനെ കൊണ്ടു പോകാനായി വാടകയ്ക്ക് എടുത്ത കാറായിരുന്നു. എളമക്കര സിഐ എസ്.ആര്‍ സനീഷ് സ്ഥലത്തെത്തി നിയമ നടപടികള്‍ പൂര്‍ത്തിയാക്കി.