
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മുതല്‍ മഴ വീണ്ടും ശക്തമാകും.
ബംഗാള്‍ ഉള്‍ക്കടലില്‍ കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് മഴ വീണ്ടുമെത്തുന്നത്.
ഓണനാളുകളിലുള്ള മഴ പ്രവചനം മലയാളികളെ ആശങ്കയിലാഴ്ത്തുന്നു.
പൂരാടം ദിനമായ ഇന്ന് (സെപ്റ്റംബര്‍ 3) ആറ് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സെപ്റ്റംബര്‍ മാസത്തിലെ ആദ്യത്തെ ന്യൂനമര്‍ദമാണ് നിലവില്‍ രൂപപ്പെട്ടത്. ബുധനാഴ്ചയോടെ ന്യൂനമര്‍ദം ഒഡിഷ തീരത്തേക്ക് നീങ്ങുമെന്ന് വകുപ്പ് പ്രതീക്ഷിക്കുന്നു. നിലവില്‍ സെപ്റ്റംബര്‍ നാല് വരെയാണ് കേരളത്തില്‍ മഴ മുന്നറിയിപ്പുള്ളത്. എന്നാല്‍ സെപ്റ്റംബര്‍ 5 തിരുവോണ ദിനത്തിലും മഴയുണ്ടാകുമെന്നാണ് സൂചന.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാഹചര്യമാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും. ഇതിനെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
അതേസമയം, തിരുവോണം കഴിഞ്ഞ് അവിട്ടം ദിനത്തിലും മഴയുണ്ടാകുമെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.