
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമർദം ശക്തിപ്പെട്ട് അതിതീവ്ര ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഇതിന്റെ ഫലമായി ജനുവരി 9, 10, 11 തീയതികളില്‍ കേരളത്തില്‍ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ജനുവരി 10-ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
പുതുവർഷത്തിലെ ആദ്യ അതിതീവ്ര ന്യൂനമർദമാണിത്. തെക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേർന്ന ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തികൂടിയ ന്യൂനമർദം നിലവില്‍ തീവ്ര ന്യൂനമർദമായി ശക്തിപ്പെട്ടിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് കൂടുതല്‍ ശക്തിപ്പെട്ട് അതിതീവ്ര ന്യൂനമർദമായി മാറാനാണ് സാധ്യത. തുടർന്ന്, 48 മണിക്കൂറിനിടെ ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിലേക്ക് സഞ്ചരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഈ സാഹചര്യത്തില്‍, ജനുവരി 9, 10, 11 തീയതികളില്‍ കേരളത്തില്‍ നേരിയതോ ഇടത്തരം മഴയോ ലഭിക്കാം. ജനുവരി 10-ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഈ ദിവസമാണ് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി നിർവചിക്കുന്നത്.



