
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.
നിലവില്‍ ഗംഗാതട പശ്ചിമ ബംഗാള്‍, വടക്കൻ ഒഡിഷ, വടക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്.
ഇത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ദുർബലമായേക്കാം. എന്നാല്‍ നാളെ (സെപ്റ്റംബർ 25) മധ്യ കിഴക്കൻ – വടക്കൻ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി മറ്റൊരു പുതിയ ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ട്.
സെപ്റ്റംബർ 26- ഓടെ വടക്കൻ ആന്ധ്രാ – തെക്കൻ ഒഡിഷ തീരത്തിന് സമീപം തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ച് സെപ്‌റ്റംബർ 27 -ഓടെ വടക്കൻ ആന്ധ്രാ – തെക്കൻ ഒഡിഷ തീരത്ത് കരയില്‍ പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ഇന്ന് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പൊന്നും പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.
കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നല്‍ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. അതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും കടല്‍തീരത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണം.
വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ് ഇപ്രകാരം
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കാണ് മഴ സാധ്യത പ്രവചിച്ചിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
25 വ്യാഴം: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ
26 വെള്ളി: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ
27 ശനി: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.