ദുരിത മഴ തുടരുന്നു ; വീടിന് മുകളിൽ മരം വീണ് അപകടം, ഗതാഗത തടസം, പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം

Spread the love

തിരുവനന്തപുരം :  സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ തുടരുന്നു. ഇടുക്കി ഏലപ്പാറ ബോണാമിയില്‍ വീടിന് മുകളിലേക്ക് മരം കടപുഴകി വീണതിനെ തുടർന്ന് വീട് ഭാഗീകമായി തകർന്നു.

പുതുവല്‍ സ്വദ്ദേശി കെ.പി ചുപ്പയ്യയുടെ വീടിന് മുകളിലാണ് മരം വീണത്. വീടിനുള്ളിലുണ്ടായിരുന്ന ചിപ്പയ്യയും ഭാര്യയും മകനും പരിക്ക് ഏല്‍ക്കാതെ രക്ഷപെട്ടു. അമ്ബലപ്പുഴയില്‍ ശക്തമായ കാറ്റില്‍ വീടിൻ്റെ മേല്‍ക്കൂര തകർന്ന് മാതാവിനും 4 വയസുള്ള കുട്ടിക്കും പരിക്കേറ്റു. കാക്കാഴം കിഴക്ക് പുത്തൻ ചിറയില്‍ ഉസ്മാന്റെ വീടാണ് തകർന്നത്. മൂന്നാർ ദേവികുളം കോളനിയില്‍ വീടിനു മുകളിലേക്ക് കരിങ്കല്‍ കെട്ട് ഇടിഞ്ഞു വീണ് അപകടം. വില്‍സൻ എന്ന ആളുടെ വീടിന് മുകളിലേക്കാണ് കരിങ്കല്ലുകള്‍ പതിച്ചത്. വില്‍സനും ഭാര്യയും രണ്ടു കുട്ടികളും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

മഴയെ തുടർന്ന് കല്ലാർകുട്ടി ഡാമിന്റെ 2 ഷട്ടറുകള്‍ 30 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. പാംബ്ല ഡാമിൻ്റെ ഷട്ടറുകളും തുറന്നു. രണ്ട് ഷട്ടറുകള്‍ ഉയർത്തി നിയന്ത്രിതമായ അളവില്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. പെരിയാർ തീരത്ത് പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിർദേശം നല്‍കിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനംതിട്ട പെരുനാട് അരയാഞ്ഞിലിമണ്‍ കോസ് വേ വെള്ളത്തില്‍ മുങ്ങി. നദിക്ക് കുറുകെ മറുകര എത്താൻ 400 ഓളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന പാതയാണിത്. എറണാകുളം കോതമംഗലത്ത് കിഴക്കൻ മേഖലയില്‍ പെയ്ത ശക്തമായ മഴയെ തുടർന്ന് കുട്ടമ്ബുഴ പഞ്ചായത്തിലെ മണികണ്ഠൻചാല്‍ ചപ്പാത്ത് മുങ്ങി. ബ്ലാവനയില്‍ ജങ്കാർ സർവ്വീസ് നിലക്കുകയും ചെയ്തതോടെ ആറും ഏഴും വാർഡിലെ ജനങ്ങള്‍ ദുരിതത്തിലായി. അതുപോലെ ഇടുക്കി രാജാക്കാട് – മൈലാടും പാറ റൂട്ടില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. തിങ്കള്‍ കാട് കോളനിക്ക് സമീപമാണ് മരം വീണത്. മരം മുറിച്ചു മാറ്റാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.