
പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ സ്വകാര്യ അനാഥാലയത്തില്‍ നിന്നും സിഡബ്ല്യൂസി കുട്ടികളെ മാറ്റി. 24 കുട്ടികളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. അനാഥാലയത്തിലെ അന്തേവാസിയായിരുന്നു പതിനെട്ടുകാരി വിവാഹം കഴിഞ്ഞ് എട്ടാം മാസത്തിൽ പ്രസവിച്ച സംഭവത്തെ തുടർന്നാണ് നടപടി.
പെൺകുട്ടി പ്രായപൂർത്തിയാകും മുൻപ് ഗർഭിണിയായെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് കുട്ടികളെ മാറ്റിയത്.
അനാഥാലയ നടത്തിപ്പുകാരിയുടെ മകൻ അന്തേവാസിയായ പെൺകുട്ടിയെ കഴിഞ്ഞ ഒക്ടോബറിലാണ് വിവാഹം കഴിച്ചത്. കഴിഞ്ഞ മാസം രണ്ടാം തീയതി കുട്ടി പ്രസവിച്ചു. പെൺകുട്ടി ഗർഭിണിയായത് പ്രായപൂർത്തിയാകും മുൻപാണെന്നും, അത് മറച്ചുവയ്ക്കാൻ സ്ഥാപന നടത്തിപ്പുകാരി വളരെ വേഗം വിവാഹം നടത്തിയതാണെന്നും പരാതി ഉയർന്നു. രേഖാമൂലം കിട്ടിയ പരാതി സിഡബ്ല്യൂസി പൊലീസിനു കൈമാറി.
പ്രസവം കൈകാര്യം ചെയ്ത ഡോക്ടറുടെ മൊഴി ഉൾപ്പെടെ രേഖപ്പെടുത്തിയ അടൂർ പൊലീസ് പോക്സോ കേസെടുത്തു. എന്നാൽ ഇതുവരെ ആരെയും പ്രതിചേർത്തിട്ടില്ല. സ്ഥാപനത്തിനെതിരെ ഗൗരവമേറിയ പരാതിയും കേസും വന്നതോടെയാണ് അന്തേവാസികളായ കുട്ടികളെ ഏറ്റെടുത്ത് സുരക്ഷിതമായി മാറ്റാൻ സിഡബ്ല്യൂസി തീരുമാനിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലയിൽ തന്നെയുളള 4 സ്ഥാപനങ്ങളിലേക്ക് കുട്ടികളെ മാറ്റി. ഇവരുടെ തുടര്‍ വിദ്യാഭ്യാസം സിഡബ്ല്യൂസി ഉറപ്പാക്കും. കേന്ദ്രത്തിലുളള വയോജനങ്ങളുടെ കാര്യത്തില്‍ സാമൂഹ്യ നീതി വകുപ്പ് പിന്നീട് തീരുമാനമെടുക്കും. അറസ്റ്റ് അടക്കം നടപടിയിലേക്ക് പൊലീസ് നീങ്ങിയാൽ സ്ഥാപനത്തിന്‍റെ അംഗീകാരം റദ്ദാക്കാനാണ് സാധ്യത.