
വയനാട്: സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിയിൽ ലക്ഷക്കണക്കിനു രൂപയുടെ കള്ളപ്പണം നിക്ഷേപമായി സ്വീകരിച്ചു വെളുപ്പിച്ചതായി മുൻ ജീവനക്കാരന്റെ വെളിപ്പെടുത്തൽ.
സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ബ്രഹ്മഗിരി മലബാർ മീറ്റ് ഫാക്ടറിയിലെ ജീവനക്കാരനായിരുന്ന കൽപറ്റ മാട്ടിൽ വീട്ടിൽ എം. നൗഷാദാണ് ആരോപണം ഉന്നയിച്ചത്.
സൊസൈറ്റിയിൽ നൗഷാദ് നിക്ഷേപിച്ചിരുന്ന 22 ലക്ഷം രൂപ തിരിച്ചു കിട്ടാത്തതിൽ പ്രതിഷേധിച്ചാണു വെളിപ്പെടുത്തൽ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2021 ഡിസംബർ 2ന് കോഴിക്കോട് സ്വദേശി 36 ലക്ഷം രൂപ ചാക്കിൽ കെട്ടി ബ്രഹ്മഗിരിയിൽ എത്തിച്ചതായും ഈ തുക ബത്തേരിയിലെ ദേശസാൽകൃത ബാങ്കിലെത്തിച്ച് ബ്രഹ്മഗിരിയിലെ 10 ജീവനക്കാരുടെ അക്കൗണ്ടുകളിലേക്കു വീതിച്ചു നിക്ഷേപിച്ച ശേഷം ബ്രഹ്മഗിരിയുടെ അക്കൗണ്ടിലേക്കു മാറ്റിയെന്നും നൗഷാദ് പറയുന്നു.
മറ്റൊരിക്കൽ ബത്തേരി സ്വദേശിയും ഇതേ രീതിയിൽ പണമെത്തിച്ചിരുന്നു. അറ്റൻഡറായിരുന്ന താൻ അതിന് സാക്ഷിയാണെന്നും പണം നിക്ഷേപിക്കുന്നതിനു ബാങ്കിൽ പോയപ്പോൾ ഈ നോട്ടുകളുടെ ചിത്രങ്ങൾ എടുത്തെന്നും നൗഷാദ് പറയുന്നു.
ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിയുടെ കീഴിൽ ഒന്നര പതിറ്റാണ്ടു മുൻപ് പ്രവർത്തനം തുടങ്ങിയ മലബാർ മീറ്റ് മാംസ സംസ്കരണ ഫാക്ടറി 2 വർഷമായി പൂട്ടിക്കിടക്കുകയാണ്.
വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും നിക്ഷേപമായി സ്വീകരിച്ചതും ജീവനക്കാരുടെ ശമ്പളക്കുടിശിക ഇനത്തിലും 100 കോടിയിലധികം രൂപയുടെ ബാധ്യതയിലാണ് ഫാക്ടറി.
കഴിഞ്ഞ ബജറ്റിൽ സർക്കാർ 10 കോടി രൂപ അനുവദിച്ചെങ്കിലും ഇതു വരെ ലഭ്യമായിട്ടില്ല. ഫണ്ട് ഇല്ലാത്തതിനാൽ ഫാക്ടറി വീണ്ടും തുറന്നു പ്രവർത്തിപ്പിക്കാനുള്ള നീക്കങ്ങൾ മന്ദഗതിയിലാണ്.
നഷ്ടത്തിലായ ഫാക്ടറിയെ രക്ഷിക്കാൻ വൻതോതിൽ കടമായും നിക്ഷേപമായും സ്വീകരിച്ച പണമാണ് ഇങ്ങനെ ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്നതെന്നാണു വിവരം.



