
വയനാട്ടിൽ വീണ്ടും കടുവ ഇറങ്ങി;ബത്തേരി മൂലങ്കാവില്‍ കാളക്കുട്ടിയെ കൊന്നു…
സ്വന്തം ലേഖകൻ
വയനാട്: വയനാട് ബത്തേരി മൂലങ്കാവില്‍ കാളക്കുട്ടിയെ കടുവ കൊന്നു. എറളോട്ട്കുന്ന് ചൂഴി മനക്കല്‍ ബിനുവിന്റെ കാളയെയാണ് കടുവ കൊന്നത്.ജഡം അര്‍ധരാത്രി തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മാറ്റിയതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.നഷ്ടപരിഹാരം നല്‍കാമെന്നും കടുവയെ പിടികൂടാൻ നടപടിയെടുക്കുമെന്നുള്ള മുത്തങ്ങ റെയ്ഞ്ച് ഓഫീസറുടെ ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
രാത്രി ബഹളം കേട്ട് പുറത്തിറങ്ങിയ വീട്ടുകാര്‍ കടുവയെ കാണുകയും ഇവര്‍ ടോര്‍ച്ചടിച്ചു കൈകൊട്ടിയുമൊക്കെ ബഹളം വെച്ചതിനെ തുടര്‍ന്ന് കടുവ ഓടി പോവുകയായിരുന്നു. പക്ഷെ അപ്പോഴേക്കും കാളകുട്ടി ചത്തു പോയിരുന്നു. തുടര്‍ന്നാണ് വനം വകുപ്പിനെ വിവരമറിയിക്കുകയും അവരെത്തി കാളക്കുട്ടിയുടെ ജഡം നീക്കം ചെയ്യുകയും ചെയ്തത്.സാധാരണരീതിയില്‍ കടുവ കാളക്കുട്ടിയെ ഭക്ഷിക്കുകയോ കൊല്ലുകയോ ചെയ്താല്‍ കടുവ വീണ്ടും അവിടെയെത്താറുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതു കൊണ്ട് തന്നെ ജഡം അവിടെ വെച്ച് കൂട് വെക്കുകയാണ് ചെയ്യാറ്. എന്നാല്‍ ഈ സംഭവം പുറത്തറിയാതിരിക്കാനോ മറ്റോ വനം വകുപ്പ് കൃത്രിമത്തം കാണിച്ചു എന്ന ആരോപണമാണ് ജനങ്ങള്‍ ഉന്നയിക്കുന്നത്. പിന്നീട് നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് മുത്തങ്ങ റെയ്ഞ്ച് ഓഫീസറെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തുകയായിരുന്നു.
കാളയുടെ ഉടമയക്ക് ഒരു ലക്ഷം രൂപ നല്‍കാനും പ്രദേശത്ത് ക്യാമറവെച്ച് കടുവക്കായി നിരീക്ഷണം നടത്താനും ചര്‍ച്ചയില്‍ തീരുമാനിച്ചു.ഇതുകൂടാതെ കടുവയെ കൂടുവെച്ച് പിടിക്കാനും തീരുമാനമായിട്ടുണ്ട്. പ്രതിഷേധം അവസാനിപ്പിച്ചെങ്കിലും ജനങ്ങളുടെ ആശങ്കക്ക് പരിഹാരമായിട്ടില്ല.