കേരളം സ്വപ്ന കണ്ട ഏറ്റവും വലിയ പദ്ധതി, തുടക്കമിടാൻ മുഖ്യമന്ത്രിയെത്തും; വയനാട് തുരങ്കപാത നിർമാണ പ്രവൃത്തി ഇന്ന് ആരംഭിക്കും

Spread the love

കോഴിക്കോട്: വയനാട് , കോഴിക്കോട് ജില്ലകളിലെ യാത്രാദുരിതത്തിന് പരിഹാരവും മേഖലയുടെ സമഗ്രവികസനത്തിന്‍റെ ചാലകവുമാകുന്ന ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാത നിർമാണ പ്രവൃത്തിക്ക് ഇന്ന് ഔദ്യോഗികമായി തുടക്കം കുറിക്കും. വയനാട് ജില്ലയിൽ 5.58 കിലോമീറ്ററും കോഴിക്കോട് ജില്ലയിൽ 3.15 കിലോമീറ്ററും നീളം വരുന്ന (ആകെ 8.735 കിലോമീറ്റർ) കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നായ തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് വൈകിട്ട് നാല് മണിക്ക് കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ സെന്‍റ് മേരീസ് സ്‌കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

മറിപ്പുഴ (കോഴിക്കോട്) മുതൽ മീനാക്ഷി പാലം (വയനാട്, കള്ളാടി) വരെ അപ്രോച്ച് റോഡ്‌ ഉൾപ്പെടെ 8.735 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കപാതയുടെ 8.11 കിലോമീറ്റർ ദൂരം ഇരട്ട തുരങ്കങ്ങളാണ്. പദ്ധതിയിൽ ഇരുവഴിഞ്ഞി പുഴക്ക് കുറുകെ രണ്ട് പ്രധാന പാലങ്ങളും മറ്റ് മൂന്ന് ചെറുപാലങ്ങളും ഉൾപ്പെടും. ആറ് വളവുകളുള്ള റൂട്ടിൽ ഓരോ 300 മീറ്ററിലും ഇരട്ട തുരങ്കങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാതയും (ക്രോസ്സ് പാസ്സേജ്) ഉണ്ടാവും. പദ്ധതിയുടെ ആകെ ചെലവ് 2134.50 കോടി രൂപയാണ്.

പദ്ധതിക്കായി 33 ഹെക്ടർ ഭൂമിയാണ്‌ ഏറ്റെടുക്കുന്നത്. 5771 മീറ്റർ വനമേഖലയിലൂടെയും 2964 മീറ്റർ സ്വകാര്യ ഭൂമിയിലൂടെയുമാണ് തുരങ്കപാത കടന്നു പോകുന്നത്. സ്വകാര്യ ഭൂമിയിൽ വയനാട് ജില്ലയിൽ 8.0525 ഹെക്ടർ ഭൂമിയും കോഴിക്കോട് ജില്ലയിൽ 8.1225 ഹെക്ടർ ഭൂമിയും ഏറ്റെടുത്തു കൈമാറി. വയനാട്ടിൽ മേപ്പാടി-കള്ളാടി-ചൂരൽമല റോഡ് (സംസ്ഥാന പാത-59), കോഴിക്കോട്ട് ആനക്കാംപൊയിൽ-മുത്തപ്പൻപുഴ-മറിപ്പുഴ റോഡ് എന്നീ രണ്ട് റോഡുകൾ തുരങ്ക പാതയുമായി ബന്ധിപ്പിക്കും. കള്ളാടിയിൽ, മീനാക്ഷി പാലത്ത് സമുദ്ര നിരപ്പിൽ നിന്ന് 851 മീറ്റർ ഉയരത്തിലാണ് വയനാട്ടിലെ പ്രവേശന കവാടം വരിക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group