മഹാരാഷ്ട്രയില്‍ നിന്ന് ഒന്നരക്കോടി തട്ടി കേരളത്തിലേക്ക് കടന്നു; മലയാളികളായ കവര്‍ച്ചാസംഘത്തെ സാഹസികമായി പിടികൂടി പൊലീസ്

Spread the love

വയനാട്: വയനാട്ടിൽ വൻ കവർച്ചാ സംഘം പിടിയിൽ. മഹാരാഷ്ട്രയിൽ നിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്ത് കടന്ന സംഘത്തെ സാഹസികമായി പിടികൂടി കേരളാ പൊലീസ്. വയനാട് കൈനാട്ടിയിൽ വെച്ച് ഇന്നലെ രാത്രി കൽപ്പറ്റ പൊലീസാണ് കവർച്ചാ സംഘത്തെ അറസ്റ്റ് ചെയ്തു. പ്രതികളെ പിന്തുടർന്ന് മഹാരാഷ്ട്ര പൊലീസും വയനാട്ടിലെത്തിയിരുന്നു. പാലക്കാട് സ്വദേശികളായ 6 അംഗ സംഘമാണ് കവർച്ച നടത്തി കേരളത്തിലേക്ക് കടന്ന് കളയാൻ ശ്രമിച്ചത്.

പ്രതികളിൽ നിന്ന് ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു. രണ്ട് വാഹനങ്ങളിലായിട്ടാണ് പ്രതികൾ രക്ഷപെടാന്‍ ശ്രമിച്ചത്. ഇതിൽ ഒരു വാഹനത്തിലുണ്ടായിരുന്നവരാണ് പിടിയിലായത്. മറ്റൊരു വാഹനത്തിൽ ഉണ്ടായിരുന്നവരും പൊലീസിന്റെ നിരീക്ഷണത്തിലാണ് എന്നാണ് സൂചന. പാലക്കാട് സ്വദേശികളായ അജിത് കുമാർ ,വിഷ്ണു, കലാധരൻ, ജിനു, നന്ദകുമാർ, സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. ചുറ്റികകൾ, ഉളി, കോഡ്ലസ് കട്ടർ തുടങ്ങിയ ആയുധങ്ങൾ വാഹനത്തില്‍ നിന്ന് കണ്ടെടുത്തു. വധശ്രമം ലഹരിക്കടത്ത് തുടങ്ങിയ നിരവധി കേസുകളിൽ പ്രതികളായ സംഘമാണ് കവർച്ച നടത്തിയത്.