
കല്‍പ്പറ്റ:മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ ക്യാമ്പുകളില്‍ കഴിയുന്നവരുടെ താല്‍ക്കാലിക പുനരധിവാസം ഉറപ്പാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലെ 27 ക്വാര്‍ട്ടേഴ്സുകള്‍ ഉള്‍പ്പെടെ 91 സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകള്‍ ലഭ്യമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
അടിയന്തര പുനരധിവാസത്തിന് ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ആദ്യഘട്ടത്തില്‍ പൊതുമരാമത്തിന്റെ 27 ക്വാര്‍ട്ടേഴ്സുകളാണ് ഇതിനായി വിട്ടുനല്‍കുന്നത്.
മൂന്ന് കിടപ്പുമുറികള്‍, വലിയ ഭക്ഷണ ഹാള്‍, അടുക്കള, സ്റ്റോര്‍ റൂം, വര്‍ക്ക് ഏരിയ എന്നവ ഉള്‍പ്പെട്ടതാണ് ക്വാര്‍ട്ടേഴ്സുകള്‍. ഒരു ക്വാര്‍ട്ടേഴ്‌സില്‍ മൂന്ന് കുടുംബങ്ങളില്‍ നിന്നുള്ള പതിനഞ്ചോളം പേര്‍ക്ക് ഒരുമിച്ച് താമസിക്കാനുള്ള സൗകര്യം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ത്രിതല പഞ്ചായത്ത് പരിധികളില്‍ ഒഴിഞ്ഞ് കിടക്കുന്ന വീടുകള്‍, ഫ്‌ളാറ്റുകള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയവയുടെ പട്ടിക അടിയന്തരമായി നല്‍കാന്‍ തദ്ദേശസ്ഥാപന മേധാവികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു.