
വയനാട് : ബന്ദിപ്പുർ വനമേഖലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വനപാതയിലൂടെയുള്ള യാത്രക്കിടെ റോഡിലിറങ്ങിയ രണ്ട് ആന്ധ്രാ സ്വദേശികളെയാണ് ആന ഓടിച്ചത്.ഇതിനിടെ നിലത്തുവീണ ഒരാളെ ആന ചവിട്ടിയെങ്കിലും ഇയാള്‍ തലനാഴിരയ്ക്ക് രക്ഷപ്പെടുകയായിരുന്നു. വയനാട് മൈസൂർ ദേശീയപാതയില്‍ ബന്ദിപ്പുർ വനമേഖലയില്‍ ബുധനാഴ്ചയായായിരുന്നു സംഭവം.
തലപ്പുഴ സ്വദേശി സവാദ് പകർത്തിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന റോഡുകളില്‍ വാഹനം പാർക്ക് ചെയ്യാനോ വാതില്‍ തുറക്കാനോ പാടില്ലെന്ന കർശന നിർദേശമുണ്ട്. ഇത് പാലിക്കാതെ റോഡിലിറങ്ങി ഫോട്ടോയെടുക്കാനും മറ്റും ശ്രമിച്ച രണ്ടുപേരെയാണ് ആന ഓടിച്ചത്. വയനാട് അതിർത്തിയിലുള്ള കർണാടകയിലെയും തമിഴ്നാട്ടിലെയും വന്യജീവി സങ്കേതങ്ങളില്‍ വനംവകുപ്പ് ഇത്തരം കാര്യങ്ങളില്‍ കർശനമായ നടപടി എടുക്കാറുണ്ട്.