
കൽപറ്റ: വയനാട് ഡിസിസി ട്രഷറർ എം എൻ വിജയന്റെ മരണത്തിൽ നിർണായക നീക്കവുമായി പൊലീസ്. സംഭവത്തിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താനുള്ള നീക്കത്തിലാണ് പൊലീസ്. വിജയന്റെ കത്തിൽ പരാമർശിച്ചിരിക്കുന്ന വ്യക്തികൾക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തും.
അതേ സമയം വിജയന്റെ മരണത്തിലെ ആരോപണങ്ങൾ അന്വേഷിക്കാൻ കെപിസിസി നിയോഗിച്ച സംഘം ഇന്ന് കുടുംബവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം കുടുംബാംഗങ്ങളെ കണ്ടു. കുടുംബത്തിന്റെ എല്ലാ പ്രശ്നവും പരിഹരിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രയാസങ്ങളെല്ലാം മാറിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കുടുംബാംഗങ്ങളും പ്രതികരിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്വേഷണം നടക്കട്ടെയെന്നാണ് കുടുംബം പ്രതികരിച്ചത്. തുടക്കത്തിൽ പാർട്ടി നന്നായി ഇടപെട്ടിരുന്നെങ്കിൽ ഇത്രത്തോളം വഷളാകില്ലായിരുന്നു.
അച്ഛൻ വിശ്വസിച്ച പാർട്ടിയുടെ ഉറപ്പിൽ വിശ്വസിക്കുന്നു. കടബാധ്യത പാർട്ടിയുടേത് എന്ന് നേതാക്കന്മാർ അംഗീകരിച്ചുവെന്നും കുടുംബം പറയുന്നു. അതേസമയം കേസന്വേഷണം അതിൻ്റെ വഴിക്ക് പോകട്ടെയെന്നാണ് നിലപാട്.
അതേ സമയം, എൻ എം വിജയന്റെ മൊബൈൽ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്നുള്ള വിവരവും പുറത്തുവന്നിരുന്നു. എന്തെങ്കിലും രേഖകൾ മൊബൈൽ ഫോണിൽ സൂക്ഷിച്ചിരുന്നോ എന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും.
കയ്യക്ഷരം പരിശോധിക്കാൻ ഉള്ള നടപടികൾ പുരോഗമിക്കുകയാണ്. കയ്യക്ഷരം വിജയന്റേത് തന്നെയാണോ എന്നറിയാൻ ഔദ്യോഗിക രേഖകൾ പരിശോധിക്കും. അതിനായി ബാങ്കുകളെ ഉൾപ്പെടെ പൊലീസ് സമീപിച്ചിട്ടുണ്ട്. ഈ രേഖകൾ ഫോറൻസിക് പരിശോധന നടത്തുന്നതിനായി കോടതിയിൽ അപേക്ഷകൾ നൽകും.