കുരുക്കഴിയാതെ താമരശ്ശേരി ചുരം;നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി മൾട്ടി ആക്സിൽ വാഹനങ്ങളുടെ സഞ്ചാരം;ജനുവരി 5 മുതല്‍ ചുരത്തില്‍ കൂടുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും

Spread the love

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗത തടസ്സം ഉണ്ടാവാൻ സാധ്യത. ഇന്നലെ പുലർച്ചെ ആരംഭിച്ച ഗതാഗതക്കുരുക്ക് വൈകീട്ടാണ് നീങ്ങിയത്.

video
play-sharp-fill

അവധി ദിവസങ്ങൾ ആയതിനാൽ കഴിഞ്ഞ കുറച്ചു ദിവസമായി ചുരത്തിൽ വാഹനങ്ങളുടെ നീണ്ടനിര തുടർക്കഥയാണെങ്കിലും ഇക്കാര്യത്തിൽ അധികൃതരുടെ ഇടപെടലുകൾ ഇല്ലാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്.

മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും അത് നടപ്പിലായില്ല. ആംബുലൻസ് ഉൾപ്പെടെയുള്ള അത്യാവശ്യ വാഹനങ്ങൾ മണിക്കൂറുകളോളം ആണ് ഇന്നലെ ചുരത്തിൽ കുടുങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചിട്ട മരങ്ങൾ നീക്കുന്ന പ്രവർത്തി നാളെ ആരംഭിക്കുന്നുമുണ്ട്.ഗതാഗതതടസ്സങ്ങൾക്കൊപ്പം വാഹനത്തിരക്ക്‌ കൂടിയായതോടെ കുരുക്കിൽ കുടുങ്ങിയ വാഹനനിരയുടെ അറ്റം പുതുപ്പാടി 26-ാം മൈൽവരെ നീണ്ടു.

മൂന്നും നാലും മണിക്കൂറുകളെടുത്താണ് പലർക്കും കഴിഞ്ഞ ദിവസങ്ങളിലേതുപോലെ ശനിയാഴ്ചയും 13 കിലോമീറ്റർമാത്രം ദൈർഘ്യമുള്ള ചുരംപാത താണ്ടാനായത്.

ചുരമിറങ്ങിവന്ന പതിന്നാലുചക്ര ചരക്കുലോറി ആറ്, ഏഴ് ഹെയർപിൻ വളവുകൾക്കിടയിൽ യന്ത്രത്തകരാറിനെത്തുടർന്ന് വെള്ളിയാഴ്ച അർധരാത്രിക്കുശേഷം കുടുങ്ങിയതായിരുന്നു ആദ്യമുണ്ടായ ഗതാഗത തടസ്സം.

പുലർച്ചെ പന്ത്രണ്ടരയോടെ ഒൻപതാം വളവിന് മുകളിൽ ഒരു കാറും യന്ത്രത്തകരാറിനെത്തുടർന്ന് കുടുങ്ങി. ശനിയാഴ്ച പുലർച്ചെ പിന്നീട് ബെംഗളൂരുവിലേക്ക് പോവുന്ന സാം ട്രാവൽസിന്റെ ദീർഘദൂര ബസ് കൂടി യന്ത്രത്തകരാർ നേരിട്ട് ശനിയാഴ്ച പുലർച്ചെ ചുരത്തിൽ കുടുങ്ങി.

കാർ അധികംവൈകാതെ മാറ്റിയെങ്കിലും മണിക്കൂറുകൾക്കുശേഷമാണ് ലോറി ചുരത്തിലെ വീതിയുള്ളഭാഗത്തെ റോഡരികിനോട് ചേർന്ന് മാറ്റിയിടാനായത്.

അതേസമയം, ജനുവരി 5 മുതല്‍ താമരശ്ശേരി ചുരത്തില്‍ കൂടുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. റോഡ് അറ്റകുറ്റപ്പണികളുടെയും, ചുരത്തിലെ 6, 7, 8 വളവുകളില്‍ മുറിച്ചിട്ടിരിക്കുന്ന മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നതിനും വേണ്ടിയാണ് ഈ നിയന്ത്രണം.