play-sharp-fill
ബെയ്‍ലി പാലം പൂർത്തിയാവുന്നു; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സൈന്യം, വ്യോമസേനയുടെ ഹെലികോപ്റ്റർ രക്ഷാപ്രവർത്തനത്തിനായി ദുരന്ത ഭൂമിയിൽ

ബെയ്‍ലി പാലം പൂർത്തിയാവുന്നു; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സൈന്യം, വ്യോമസേനയുടെ ഹെലികോപ്റ്റർ രക്ഷാപ്രവർത്തനത്തിനായി ദുരന്ത ഭൂമിയിൽ

 

വയനാട്: കര, നാവിക, വ്യോമ സേനകളുടെ കൂട്ടായ പ്രവര്‍ത്തനത്തിനൊപ്പം ആയിരക്കണക്കിന് രക്ഷാപ്രവര്‍ത്തകരാണ് മണ്ണില്‍ പുതഞ്ഞ് പോയ ജീവനുകള്‍ നേടി രണ്ടാം ദിവസവും ശ്രമം തുടരുന്നത്. ഇന്നലത്തെതിനേക്കാള്‍ സുസജ്ജവും ലക്ഷ്യബോധവുമുള്ള രക്ഷാപ്രവര്‍ത്തനാണ് ഇന്ന് നടക്കുന്നത്. നാളെ രാവിലെയോടെ ചൂരല്‍മലയിലെ തകര്‍ന്ന പാലത്തിന്‍റെ സ്ഥാനത്ത് സൈന്യം താത്കാലിക ബെയ്‍ലി പാലം ഒരുക്കും. പാലം ഒരുങ്ങുന്നതോടെ കൂടുതല്‍ ദുരന്തമേഖലയിലേക്ക് കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിചേരാനാകും.

 

കണ്ണൂരിലെത്തിയ ആദ്യ വ്യോമസേനാ വിമാനത്തിൽ ആദ്യ ബെയ്‍ലി പാലം നിർമാണത്തിന് ആവശ്യമായ സാമഗ്രികൾ എത്തിച്ചിരുന്നു. ഇവ ഇന്നലെ രാത്രിയോടെ തന്നെ 20 ട്രക്കുകളിലായി ചൂരൽമലയിലെ ദുരന്ത മേഖലയിൽ എത്തിച്ചിരുന്നു. ഇവ ഉപയോഗിച്ച് ഒന്നാമത്തെ പാലം നിർമാണം പുരോഗമിക്കുകയാണ്. ഈ പാലം നാളെ പകലോടെ പൂര്‍ത്തിയാകുമെന്ന് കരുതുന്നു.

 

 

 

ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടു പോയ മുണ്ടക്കൈയിലേക്ക് ചൂരൽ മലയിൽ നിന്നും താത്കാലിക പാലം നിർമിക്കുന്നതിനാവശ്യമായ സാധനങ്ങളുമായി വ്യോമസേനയുടെ രണ്ടാമത്തെ പ്രത്യേക വിമാനം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. വ്യോമസേനയുടെ രണ്ടാമത്തെ വിമാനമാണ് ഇന്ന് എത്തിയത്. വ്യോമസേന എത്തിച്ച സാമഗ്രികൾ മോട്ടോർ വാഹന വകുപ്പിന്‍റെ നേതൃത്വത്തിൽ 17 ട്രക്കുകളിലായി ചൂരൽമലയിലെത്തിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അതേസമയം ദുരന്ത പ്രദേശങ്ങളിലേക്ക് പോകുന്ന സൈനിക വാഹനങ്ങള്‍ക്കും മെഡിക്കല്‍ ഭക്ഷ്യ സാധനങ്ങള്‍ എത്തിക്കുന്ന വണ്ടികള്‍ക്കും സുഗമമായി കടന്ന് പോകാന്‍ വഴിയൊരുക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

 

വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററടക്കം രക്ഷാപ്രവർത്തനത്തിനുണ്ട്. കരമാര്‍ഗം എത്തി ചേരാന്‍ ദുഷ്ക്കരമായ സ്ഥലങ്ങളില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ചൂരൽ മലയിലേക്കുള്ള റോഡിന്‍റെ ഇരുവശങ്ങളിലും അത്യാവശ്യ സേവനങ്ങൾക്കുള്ള വാഹനങ്ങൾ അല്ലാത്തവ പാർക്ക് ചെയ്യരുതെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അഭ്യര്‍ത്ഥിച്ചു.