വീണ്ടും കോട്ടയത്ത് വ്യാജ വാറ്റ്: തുടർച്ചയായ മൂന്നാം ദിവസവും ജില്ലയിൽ വാറ്റ് ചാരായം പിടികൂടി; ഒരു ദിവസത്തെ ഇടവേളയിൽ ചെങ്ങളത്ത് നിന്നും വീണ്ടും വാറ്റ് പിടികൂടി; 1.3 ലിറ്റർ വാറ്റും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു

വീണ്ടും കോട്ടയത്ത് വ്യാജ വാറ്റ്: തുടർച്ചയായ മൂന്നാം ദിവസവും ജില്ലയിൽ വാറ്റ് ചാരായം പിടികൂടി; ഒരു ദിവസത്തെ ഇടവേളയിൽ ചെങ്ങളത്ത് നിന്നും വീണ്ടും വാറ്റ് പിടികൂടി; 1.3 ലിറ്റർ വാറ്റും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണക്കാലത്ത് ബാറുകളും ബിവറേജുകളും അടച്ചതോടെ ജില്ലയിൽ വീണ്ടും വ്യാജ ചാരായം വാറ്റ് സജീവമായി. തുടർച്ചയായ മൂന്നാം ദിവസവും ജില്ലയിൽ ചാരായം വാറ്റിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ രണ്ടു ദിവസവും വ്യാജ ചാരായം പിടികൂടിയത് വേളൂർ, ചെങ്ങളം ഭാഗത്തു നിന്നാണെന്നതാണ് ഏറെ രസകരം. ജില്ലയിൽ വൻ തോതിൽ വ്യാജവാറ്റ് സജീവമായതായാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

വെള്ളിയാഴ്ച എക്‌സൈസും പൊലീസും നടത്തിയ സംയുക്ത പരിസോധനയിലാണ് ചെങ്ങളം ഭാഗത്തു നിന്നും 1.3 ലിറ്റർ വ്യാജ ചാരായം പിടികൂടിയത്. വാറ്റും വാറ്റാൻ ഉപയോഗിച്ച ഉപകരണങ്ങളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കോട്ടയം എക്‌സൈസ് റേഞ്ച് സംഘവും , കുമരകം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസറുടെ സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെങ്ങളം തെക്ക് കൊച്ചുപറമ്പിൽ വീട്ടിൽ ജയ് മോൻ, ചങ്ങനാശ്ശേരി കുറിച്ചി നീലംപേരൂർ കരയിൽ കൊച്ചു പാട്ടശ്ശേരി വീട്ടിൽ ഗിരീഷ്. കെ.പി എന്നിവരെയാണ് എക്‌സൈസും പൊലീസും നടത്തിയ സംയുക്ത പരിശോധനയിൽ പിടികൂടിയത്. ചെങ്ങളം തിരുവാർപ്പ് റോഡിലുള്ള തുരുത്തിലാണ് സംഘം ചാരായം വാറ്റിയിരുന്നത്.

പ്രദേശത്ത് ദിവസങ്ങളായി സംഘം ചാരായം വാറ്റുകയായിരുന്നതായി എക്‌സൈസ് സംഘത്തിനു രഹസ്യ വിവരം ലഭിച്ചിരുന്നു. പ്രതികൾ അക്രമം നടത്താൻ സാധ്യതയുള്ളതായി എക്‌സൈസ് സംഘത്തിനു വിവരം ലഭിച്ചതിനെ തുടർന്നാണ് ഇവർ പൊലീസ് സഹായം തേടിയത്. തുടർന്നു സ്ഥലത്ത് എത്തിയപ്പോഴാണ് കലത്തിൽ വൻ തോതിൽ വാറ്റ് നടക്കുന്നത് കണ്ടെത്തിയത്. തുടർന്നു പ്രതികളെ പിടികൂടുകയായിരുന്നു.

പരിശോധനയ്ക്കും അറസ്റ്റിനും എക്‌സൈസ് ഇൻസ്‌പെക്ടർ അജി രാജ്, പ്രിവന്റീവ് ഓഫിസർ ഗോപകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ മേഘനാഥൻ പി.ജി, നാസർ എ, പ്രവീൺ കുമാർ എ ജി എന്നിവർ നേതൃത്വം നൽകി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വ്യാഴാഴ്ച മുണ്ടക്കയത്തെ അടച്ചിട്ട വീട്ടിൽ നിന്നും 200 ലിറ്റർ വാഷാണ് പിടികൂടിയത്. പൊൻകുന്നം എക്‌സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയിഡിലാണ് വാഷ് പിടിച്ചെടുത്തത്. ഏന്തയാർ മാനസം വീട്ടിൽ ബിജുവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നാണ് വാഷ് പിടികൂടിയത്.

ബുധനാഴ്ച വേളൂരിൽ നിന്നും 300 മില്ലി ലിറ്റർ ചാരായവും മൂന്നു ലിറ്റർ വാഷുമാണ് എക്‌സൈസ് പിടികൂടിയത്. സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. വേളൂർ വാരുകാലാത്തറ സാബു (57), കരിയിൽ വീട്ടിൽ കെ.എം സലിം (60) എന്നിവരെയാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.

ഇതിനിടെ മുണ്ടക്കയത്ത് കാടിനുള്ളിൽ നിന്നും വെള്ളിയാഴ്ച 70 ലിറ്റർ കോട പിടികൂടിയ എക്‌സൈസ് സംഘം നശിപ്പിച്ചു കളഞ്ഞിരുന്നു. ബാറും ബിവറേജും അടച്ചത് മുതലാക്കാൻ ശ്രമിക്കുന്ന സംഘം വ്യാജവാറ്റുമായി രംഗത്ത് ഇറങ്ങിയത് കൃത്യമായി തടഞ്ഞില്ലെങ്കിൽ വൻ ദുരന്തമാകും ജില്ലയെ കാത്തിരിക്കുന്നത്.