
ഞെട്ടിച്ച് പ്രകൃതി ! വീട്ടുമുറ്റത്തെ 13 റിങ്ങുകള്‍ ഇറക്കിയ കിണര്‍ ഇടിഞ്ഞു താഴ്ന്നു;വെള്ളംകുടി മുട്ടി മൂന്നു കുടുംബങ്ങള്‍
സ്വന്തം ലേഖകൻ
കടുത്തുരുത്തി:രാവിലെ കിണറ്റില്‍നിന്നും വലിയ ശബ്ദം കേട്ട് നോക്കിയ വീട്ടുകാർ കണ്ടത് കിണറിന്‍റെ റിംഗുകള്‍ ഇടിഞ്ഞുതാഴ്ന്നതാണ്.തലേദിവസം പുറത്ത് വലിയ കാറ്റ് വീശുന്നതുപോലുള്ള ശബ്ദംകേട്ടു പുറത്തെ ലൈറ്റ് തെളിച്ച് ചുറ്റും ടോര്‍ച്ചടിച്ച് നോക്കിയെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല.പ്രകൃതിയുടെ ഈ വികൃതിയില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞു താഴ്ന്ന് ഞെട്ടലിലാണ് വട്ടപ്പറമ്പില്‍ പുഷ്‌കരനും കുടുംബവും.
മാഞ്ഞൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പ്പെട്ട വട്ടപ്പറമ്പില്‍ പുഷ്‌കരന്‍റെ വീട്ടുമുറ്റത്തൊടു ചേര്‍ന്ന കിണറാണ് കഴിഞ്ഞദിവസം രാത്രി പത്തോടെ ഇടിഞ്ഞുതാഴ്ന്നത്.ഇതോടെ വെള്ളംകുടി മുട്ടി മൂന്നു കുടുംബങ്ങള്‍ ദുരിതത്തിലായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

13 റിങ്ങുകള്‍ ഇറക്കിയ കിണറിന്‍റെ റിംഗുകളും താഴ്ന്നു പോയി. കിണറ്റിലെ വെള്ളം നിറംമാറിയ നിലയിലും പതയോടു കൂടിയുമാണ് കാണുന്നത്. വാര്‍ഡ് മെംബര്‍ പ്രത്യൂക്ഷ സുര ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും വിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ റവന്യൂ ഉദ്യോഗസ്ഥരാരും സ്ഥലത്തെത്തിയില്ലെന്ന് ആക്ഷേപമുണ്ട്.
ഓട്ടോറിക്ഷ തൊഴിലാളിയായ പുഷ്‌കരനും സമീപ കുടുംബങ്ങളിലെ വീട്ടുകാരും കിണര്‍ ഇടിഞ്ഞു താണതോടെ ഇപ്പൊൾ സമീപത്തെ മറ്റൊരു വീട്ടില്‍നിന്നും വെള്ളം ചുമന്നാണ് വീടുകളിലെത്തിക്കുന്നത്. വണ്ടിയില്‍ വെള്ളമെത്തിക്കാനുള്ള സാമ്പത്തികസ്ഥിതി ഇവര്‍ക്കില്ല.
പുഷ്‌കരന്‍റെ വീടിനോട് ചേര്‍ന്ന മറ്റൊരു വീട്ടില്‍ വീട്ടുമുറ്റത്ത് കിണറുണ്ടെങ്കിലും ഈ വെള്ളം ഉപയോഗയോഗ്യമല്ലെന്നും വീട്ടുകാര്‍ പറയുന്നു. മള്ളിയൂര്‍ ക്ഷേത്ര റോഡിന് എതിര്‍ദിശയില്‍ 500 മീറ്റര്‍ മാറിയുള്ള സ്ഥലത്താണ് ഇവരുടെ വീട് സ്ഥിതി ചെയ്യുന്നത്.