
വാട്ടർ ടാങ്കിന് മുകളിൽ ഹെലിപ്പാഡ്: ശബരിമലയിൽ മണ്ടൻ ആശയവുമായി പൊലീസ്; രാഷ്ട്രപതിയുടെ സന്ദർശനം പൊളിഞ്ഞു
സ്വന്തം ലേഖകൻ
സന്നിധാനം: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശബരിമല സന്ദർശനം പൊളിഞ്ഞത് കേരള പൊലീസിന്റെ മണ്ടൻ ആശയത്തെ തുടർന്ന്. സന്നിധാനത്തെ വാട്ടർ ടാങ്കിന് മുകളിൽ രാഷ്ട്രപതിയുടെ ഹെലിക്കോപ്റ്റർ ഇറക്കാനുള്ള നീക്കമാണ് അദ്ദേഹത്തിന്റെ ശബരിമല സന്ദർശനം പൊളിച്ചത്.
ഹെലിപ്പാഡ് തയ്യാറാക്കുന്നത് ഉള്‍പ്പെടെയുള്ള പ്രായോഗിക സുരക്ഷാ ബുദ്ധിമുട്ടുകള്‍ കാരണമാണ് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ശബരിമല സന്ദര്‍ശനം റദ്ദാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാണ്ടിത്താവളത്ത് കഴിഞ്ഞ വര്‍ഷം നിര്‍മ്മിച്ച ജലസംഭരണിക്കു മുകളില്‍ രാഷ്‌ട്രപതിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങാന്‍ ഹെലിപാഡ് തയ്യാറാക്കാനായിരുന്നു ആലോചന. എന്നാല്‍ വാട്ടര്‍ ടാങ്കിന് മുകളില്‍ ഹെലിപാഡ് നിര്‍മ്മിക്കുന്നത് സുരക്ഷിതമല്ലെന്ന് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ടാങ്കിന്റെ സ്ലാബിന്റെ ബലത്തില്‍ പൊലീസിന് വേണ്ടത്ര ഉറപ്പില്ല. ഹെലികോപ്ടറുകള്‍ ഇറങ്ങുന്നത് താങ്ങാനുള്ള ശേഷിസ്ലാബിന് ഉണ്ടോയെന്നതില്‍ കേന്ദ്ര – സംസ്ഥാന ഇന്റലിജന്‍സ് വിഭാഗങ്ങള്‍ സംശയം പ്രകടിപ്പിച്ചതായാണ് അറിയുന്നത്.
ജലസംഭരണിക്ക് 67 മീറ്റര്‍ നീളവും 34 മീറ്റര്‍ വീതിയുമാണുള്ളത്. ഒരേ സമയം രണ്ടു ഹെലികോപ്ടറുകള്‍ക്ക് ഇറങ്ങാനുള്ള സ്ഥലമുണ്ട്. ആ ആഘാതം സ്ലാബ് താങ്ങുമോ എന്ന് ആശങ്കയുണ്ടായിരുന്നു. ജലസംഭരണിക്കു മുകളില്‍ നിന്ന് സുരക്ഷിതമായി ഇറങ്ങാന്‍ താത്കാലിക പടിക്കെട്ടുകളും നിര്‍മ്മിക്കണമായിരുന്നു. ടാങ്കിന്റെ സുരക്ഷയും ഉറപ്പും പരിശോധിക്കാന്‍ പൊതുമരാമത്ത് എന്‍ജിനിയര്‍മാരുടെ വിദഗ്ദ്ധസംഘം എത്തിയിരുന്നു. അവരുടെയും ദേവസ്വം ബോര്‍ഡിന്റെയും പരിശോധനയുടെ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല. ബലത്തിന്റെ കാര്യത്തില്‍ ജില്ലാ കളക്ടറോ പൊലീസ് മേധാവിയോ ഉറപ്പ് നല്‍കിയതുമില്ല.
കൂടാതെ പാണ്ടിത്താവളത്തിലേക്ക് ഹെലികോപ്ടര്‍ എത്താന്‍ സമീപത്തെ നിരവധി മരങ്ങള്‍ മുറിക്കണം. ഇതിന് വനനിയമം അനുവദിക്കുന്നില്ല. മകരവിളക്ക് ഉത്സവത്തിന് സന്നിധാനത്തും വനപാതകളിലും തീര്‍ത്ഥാടകരുടെ തിരക്കേറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മരങ്ങള്‍ മുറിക്കുകയും ഹെലിപാഡ് ഒരുക്കുകയും ചെയ്യുന്നത് പ്രായോഗികമാകില്ലെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടെന്നറിയുന്നു.
ഈ മാസം 5 മുതല്‍ 9വരെ കേരളവും ലക്ഷദ്വീപും സന്ദര്‍ശിക്കുന്ന രാഷ്ട്രപതിയുടെ പരിപാടികളില്‍ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം ശബരിമലയിലും എത്താനുള്ള സൗകര്യമുണ്ടാകുമോയെന്നാണ് രാഷ്ട്രപതിഭവന് സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചിരുന്നത്. നെടുമ്പാശേരിയില്‍ നിന്ന് ഹെലികോപ്ടറില്‍ ശബരിമലയിലെത്തി ഒരു മണിക്കൂറില്‍ ദര്‍ശനം നടത്തി മടങ്ങാനായിരുന്നു രാഷ്ട്രപതിയുടെ പരിപാടി. ഈ സമയം തീര്‍ത്ഥാടകര്‍ക്ക് കര്‍ശന നിയന്ത്രണം വേണ്ടിവരുമായിരുന്നു. മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടന കാലം ഒഴികെ മാസ പൂജാവേളകളില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ വി.വി.ഐ.പികള്‍ എത്തുന്നതാകും സൗകര്യമെന്നാണ് സുരക്ഷാ വിഭാഗങ്ങളുടെ വിലയിരുത്തല്‍.