
വിമുക്തഭടൻ്റെ വീട്ടിലേക്ക് കുടിവെള്ള കണക്ഷൻ നൽകുന്നത് തടഞ്ഞ് ഏറ്റുമാനൂർ നഗരസഭാ കൗൺസിലർ; കുടിവെള്ളത്തിനു വേണ്ടി വാട്ടർ അതോറിറ്റി ജീവനക്കാർ റോഡിനു കുറുകെ കുഴിയെടുത്ത് പാകിയ പൈപ്പുകൾ ഊരിയെടുപ്പിച്ചു; കൗൺസിലറും സംഘവും വാട്ടർ അതോറിറ്റിയുടെ വാഹനവും തടഞ്ഞു; സംഭവത്തിൽ നഗരസഭാ സെക്രട്ടറിക്കും വകുപ്പ് മന്ത്രിക്കും പരാതി നൽകി
കോട്ടയം: വിമുക്തഭടൻ്റെ വീട്ടിലേക്ക് കുടിവെള്ളത്തിന് കണക്ഷൻ നൽകുന്നത് തടഞ്ഞ് നഗരസഭാ കൗൺസിലർ. ഏറ്റുമാനൂർ നഗരസഭ 34-ാം വാർഡിൽ ശക്തിനഗർ റോഡിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ഇതുസംബന്ധിച്ച് ഇന്ത്യൻ എയർ ഫോഴ്സ് മുൻ ഉദ്യോഗസ്ഥനും ഇപ്പോൾ തിരുവനന്തപുരത്ത് അഭിഭാഷകനുമായ ശക്തിനഗർ ഓംകാരത്തിൽ അഡ്വ. കെ.പി. ഓമനകുട്ടൻ നഗരസഭാ സെക്രട്ടറിക്കും വകുപ്പ് മന്ത്രിക്കും ഉൾപ്പെടെ പരാതി നൽകി.
കേന്ദ്രസർക്കാരിൻ്റെ അമൃത് പദ്ധതി പ്രകാരമുള്ള കുടിവെള്ള കണക്ഷനു വേണ്ടി ഓമനകുട്ടൻ അപേക്ഷ നൽകിയിരുന്നു. ഇതനുസരിച്ച് സ്ഥലത്തെത്തിയ വാട്ടർ അതോറിറ്റി ജീവനക്കാർ കണക്ഷൻ നൽകുന്നതിനായി റോഡിനു കുറുകെ കുഴിയെടുത്ത് പൈപ്പ് പാകി. ഈ സമയം ആളുകളെ കൂട്ടി സ്ഥലത്തെത്തിയ വാർഡ് കൗൺസിലർ ഉഷാ സുരേഷ് പ്രവൃത്തി തടസപ്പെടുത്തുകയും പാകിയ പൈപ്പുകൾ ബഹളമുണ്ടാക്കി വാട്ടർ അതോറിറ്റി കരാറുകാരൻ്റെ ജീവനക്കാരെ കൊണ്ട് തന്നെ ഊരിയെടുപ്പിക്കുകയും ചെയ്തെന്നാണ് പരാതി.
പിന്നാലെ തിരുവനന്തപുരത്തായിരുന്ന തന്നെ ഫോണിൽ വിളിച്ച് വല്ലാതെ ദേഷ്യപ്പെടുകയും പടിഞ്ഞാറെ നട കുടിവെള്ള പദ്ധതിയിൽ നിന്നും കണക്ഷൻ നൽകാമെന്ന് പറഞ്ഞുവെന്നും ഓമനകുട്ടൻ പറയുന്നു. അതിൻ്റെ ആവശ്യമില്ലെന്നും വാട്ടർ അതോറിറ്റിയുടെ കണക്ഷൻ മതിയെന്നും പറഞ്ഞതോടെ കൂടുതൽ രോഷാകുലയായ കൗൺസിലറും സംഘവും വാട്ടർ അതോറിറ്റിയുടെ വാഹനവും തടഞ്ഞിട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘർഷാവസ്ഥയുണ്ടായതോടെ കണക്ഷൻ നൽകാനാവാതെ വാട്ടർ അതോറിറ്റി അധികൃതർ മടങ്ങിയെന്നും പ്രശ്നം പരിഹരിച്ച് കണക്ഷൻ നൽകണമെന്നും ഓമനകുട്ടൻ പരാതിയിൽ ആവശ്യപ്പെട്ടു. മന്ത്രി വി.എൻ. വാസവൻ്റെ എം എൽ എ ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ച് ഒരു വർഷം മുമ്പ് നവീകരിച്ച റോഡിലാണ് പൈപ്പിടാനായി വാട്ടർ അതോറിറ്റി കുഴിയെടുത്തത്.
നഗരസഭയുടെ അനുവാദമില്ലാതെയാണ് വാട്ടർ അതോറിറ്റി റോഡ് കുഴിച്ചതെങ്കിൽ സെക്രട്ടറിയോ എൽഎസ്ജിഡി എഞ്ചിനീയറോ ഇടപെട്ട് നോട്ടീസ് നൽകി നിയമനടപടികൾ സ്വീകരിക്കുന്നതിന് പകരം കൗൺസിലർ അവിടെയെത്തി പ്രവൃത്തി തടസപ്പെടുത്തി ബഹളം കൂട്ടിയതെന്തിനെന്ന ചോദ്യം നാട്ടുകാരിൽ നിന്നുമുയരുന്നു.
അതേസമയം, കുഴിയെടുത്തതും പൈപ്പിൻ്റെ ലേഔട്ട് ഉൾപ്പെടെയുള്ള കാര്യങ്ങളും തൻ്റെ അറിവോടെ ആയിരുന്നില്ലെങ്കിൽ പോലും റോഡിൻ്റെ അറ്റകുറ്റപണികൾ നടത്താൻ ആവശ്യമായത് ചെയ്യാൻ താൻ ഒരുക്കമാണെന്ന് അറിയിച്ചിട്ടും അതിന് മറുപടി പറയാൻ തയ്യാറാകാതെ പ്രവൃത്തി തടസപ്പെടുത്തി സംഘർഷാവസ്ഥ സൃഷ്ടിക്കുകയാണ് കൗൺസിലർ ചെയ്തതെന്നും ഓമനകുട്ടൻ പറയുന്നു.