റോഡ് പണി കഴിഞ്ഞു; പിന്നാലെ റോഡ് കുത്തിപ്പൊളിച്ച്‌ വാട്ടര്‍ അതോറിറ്റി; പരാതിയുമായി നാട്ടുകാർ

Spread the love

സ്വന്തം ലേഖിക

കോതമംഗലം: റോഡ് പണി പൂര്‍ത്തിയാകാൻ കാത്തു നിൽക്കുകയായിരുന്നു വാട്ടര്‍ അതോറിറ്റി റോഡ് കുത്തി പൊളിക്കാൻ.

കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ക്കായി പണി കഴിഞ്ഞ പുതിയ റോഡ് കുത്തിപ്പൊളിക്കുന്നത് വാട്ടര്‍ അതോറിറ്റിയുടെ ശീലമായി മാറിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ ചേറങ്ങനാല്‍ കവലയില്‍ ആണ് ഇപ്പോൾ സംഭവം. കഴിഞ്ഞ ഒരാഴ്ചക്കാലമായി റോഡിനു നടുവിലൂടെ വെള്ളം ഒഴുകിയിരുന്നു.

വെള്ളം ഒഴുകി വരുന്ന ഭാഗത്ത് കഴിഞ്ഞ ദിവസമാണ് വാട്ടര്‍ അതോറിറ്റി കുഴിയെടുക്കല്‍ തുടങ്ങിയത്. ഉദ്ദേശിച്ച അത്രയും കുഴിയെടുത്തു കഴിഞ്ഞപ്പോഴാണ് ഈ ഭാഗത്ത് റോഡിന് കുറുകെ പൈപ്പ് കടന്നുപോയിട്ടില്ലെന്ന് വ്യക്തമായത്.

ബിഎംബിസി നിലവാരത്തില്‍ പണിത റോഡ് തിരികെ മണ്ണിട്ട് മൂടി റോഡിന്റെ സൈഡില്‍ നിന്നും വീണ്ടും പൊളിച്ചു തുടങ്ങിയിട്ടുണ്ട്.

റോഡ് പണിയാനായി കോടികള്‍ മുടക്കിയ ശേഷമാണ് പൊളിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി നല്‍കുന്നത്. ഇത് പൊതു പണം പാഴാക്കലാണ്.

റോഡ് പണിയുന്നതിനു മുൻപ് വ്യത്യസ്ത വകുപ്പുകളുമായി കൂടിയാലോചന നടത്തിയാല്‍ ഇത് ഒഴിവാക്കാവുന്നതേയുള്ളൂവെന്നും നാട്ടുകാര്‍ പറയുന്നു.

കോടികള്‍ മുടക്കി പണിത റോഡ് കുത്തി പൊളിക്കുമ്പോള്‍ കൃത്യമായ പഠനമില്ലാതെ ഉദ്യോഗസ്ഥര്‍ക്ക് തോന്നും വിധം പണിക്കാരെ കൊണ്ട് കുഴിയെടുപ്പിക്കുന്നതാണ് ഇത്തരം അവസ്ഥയ്ക്ക് കാരണമാവുന്നത്.