play-sharp-fill
വാട്ടർ അതോറിറ്റിയെക്കൊണ്ട് നാട്ടുകാർ മുഴുവൻ വെള്ളം കുടിച്ചു: ഒടുവിൽ എംഎൽഎയും കുടുങ്ങി; ഇല്ലാത്ത വെള്ളത്തിന് എംഎൽഎയ്ക്ക് വല്ലാത്ത ബിൽ

വാട്ടർ അതോറിറ്റിയെക്കൊണ്ട് നാട്ടുകാർ മുഴുവൻ വെള്ളം കുടിച്ചു: ഒടുവിൽ എംഎൽഎയും കുടുങ്ങി; ഇല്ലാത്ത വെള്ളത്തിന് എംഎൽഎയ്ക്ക് വല്ലാത്ത ബിൽ

സ്വന്തം ലേഖകൻ

കോട്ടയം: നാട്ടുകാരെ മുഴുവൻ വെള്ളം കുടിപ്പിച്ച് വട്ടംകറക്കുന്ന വാട്ടർ അതോറിറ്റി ഒടുവിൽ എംഎൽഎയ്ക്കും പണികൊടുത്തു. ഇല്ലാത്ത വെള്ളത്തിന് വല്ലാത്ത ബില്ലു നൽകിയാണ് നാട്ടുകാർക്ക് മുഴുവൻ പണി നൽകുന്ന വാട്ടർ അതോറിറ്റി എൻ.ജയരാജ് എംഎൽഎയെയും കുടുക്കിയത്. രണ്ടു വർഷമായി കാറ്റ് മാത്രം കിട്ടുന്ന എംഎംൽഎയുടെ വീട്ടിലെ പൈപ്പ് ലൈനിന് ബില്ല് ലഭിച്ചത് 21562 രൂപയാണ്.
കണക്ഷൻ പ്രവർത്തിക്കുന്നില്ലെന്ന് രേഖപ്പെടുത്തി തന്നെയാണ് ബില്ലിട്ടിരിക്കുന്നതെന്നാണ് ഏറെ രസകരം. 16 നുള്ളിൽ മുഴുവൻ തുകയും അടച്ചില്ലെങ്കിൽ വെള്ളമില്ലാത്ത കണക്ഷൻ കട്ട് ചെയ്തു കളയുമെന്ന ഭീഷണിയും വാട്ടർ അതോറിറ്റി എംഎൽഎയ്ക്ക് നൽകിയിട്ടുണ്ട്. ജല അതോറ്റിയുടെ നെടുങ്കുന്നം ഓഫിസിൽ നിന്നാണ് ഇപ്പോൾ എംഎൽഎയുടെ വീട്ടിലേയ്ക്ക് ബില്ല് നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം തങ്ങളുടെ പ്രദേശത്തേയ്ക്ക് വാട്ടർ അതോറിറ്റിയുടെ വെള്ളം എത്തിച്ച് നൽകണമെന്നാവശ്യപ്പെട്ട് പൊൻകുന്നം റോയൽ ബൈപ്പാസ് റസിഡൻസ് അസോസിയേഷൻ എംഎൽഎയ്ക്ക് നിവേദനം നൽകാൻ എത്തിയത്. ഇവരോടാണ് എംഎൽഎ തന്റെ ദുരിതത്തിന്റെ കഥ തുറന്ന് പറഞ്ഞത്.
രണ്ടു വർഷമായി എംഎൽഎയുടെ കറുകച്ചാലിലെ വീട്ടിൽ വെള്ളം ലഭിക്കുന്നില്ല. പക്ഷേ, കൃത്യമായി ബിൽ വരുന്നുമുണ്ട്. ഇതിനെതിരെ നിരവധി തവണ വാട്ടർ അതോറിറ്റി അധികൃതരെ എംഎൽഎ സമീപിച്ചെങ്കിലും നടപടിയുണ്ടായിരുന്നില്ല. ഇതേ തുടർന്നാണ വീട്ടിലെത്തിയവർക്ക് മുന്നിൽ എംഎൽഎ തന്റെ കഥ തുറന്ന് പറഞ്ഞത്.