
മാലിന്യം സംസ്കരിക്കാൻ കഴിയാത്ത പ്രതിസന്ധിയിൽ കൊച്ചി; ഇടുക്കിയില്‍ നിന്ന് കളമശ്ശേരിയിൽ പൊതു സ്ഥലത്ത് തള്ളാൻ മൂന്നു ലോറികളിലായി എത്തിച്ചത് പ്ലാസ്റ്റിക്, അറവ് മാലിന്യങ്ങൾ; നഗരസഭയുടെ പ്രത്യേക സ്‌ക്വാഡ് പരിശോധനയിൽ ലോറികളും ഡ്രൈവർമാരും പിടിയിൽ
സ്വന്തം ലേഖകൻ
എറണാകുളം: ഇടുക്കിയില്‍ നിന്ന് മൂന്നു ലോറികളിലായി കൊണ്ടുവന്ന മാലിന്യം കളമശേരിയില്‍ തള്ളാന്‍ ശ്രമിച്ചവര്‍ പിടിയില്‍. രാത്രിയിലെത്തിയ മാലിന്യ ലോഡുകള്‍ നഗരസഭയുടെ ആരോഗ്യ വിഭാഗം സ്‌ക്വാഡാണ് പിടികൂടിയത്. കളമശേരിയിലെ പൊതു സ്ഥലത്ത് ആരും കാണാതെ തള്ളാനാണ് ലോറികളില്‍ മാലിന്യം കൊണ്ടുവന്നത്. വണ്ടിപ്പെരിയാറില്‍ നിന്ന് വന്ന ലോറികളില്‍ പ്ലാസ്റ്റിക്, അറവ് മാലിന്യങ്ങളാണ് നിറച്ചിരുന്നത്.
കൊച്ചി നഗരത്തിലേയും പരിസര തദ്ദേശഭരണ സ്ഥാപനങ്ങളിലേയും മാലിന്യം തന്നെ സംസ്‌കരിക്കാന്‍ കഴിയാത്ത പ്രതിസന്ധികള്‍ക്കിടയിലാണ് മറ്റ് ജില്ലകളില്‍ നിന്നും പോലും ലോറികളില്‍ കൊച്ചിയിലേക്ക് മാലിന്യം തള്ളാന്‍ കൊണ്ടു വരുന്നത്. മാലിന്യം കൊണ്ടുവരാനുള്ള സാധ്യത കണക്കിലെടുത്ത് രാത്രി മുഴുവന്‍ കളമശേരിയില്‍ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തുന്നുണ്ട്. പുലര്‍ച്ചെ അഞ്ചുമണിവരെ തുടരുന്ന ഈ പരിശോധനയിലാണ് ഈ മൂന്ന് ലോറികളും പിടികൂടിയത്. ഈ വാഹനങ്ങള്‍ പൊലീസിന് കൈമാറുമെന്ന് നഗരസഭ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാലിന്യം തള്ളുന്ന വാഹനങ്ങള്‍ ചെറിയ പിഴ ഈടാക്കി പൊലീസ് വിട്ടു നല്‍കുന്നത് കഴിഞ്ഞ ദിവസം ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. കോടതി ഉത്തരവിലൂടെ മാത്രമേ ഇനി ഇത്തരം വാഹനങ്ങള്‍ ഉടമസ്ഥര്‍ക്ക് വിട്ടു നല്‍കാവൂ എന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.