മഴ പലതും മാറി വന്നു എന്നിട്ടും മാലിന്യം മാറിയില്ല; ഒരുതരി മാലിന്യമോ ദുർഗന്ധമോ ഇല്ലാത്ത മാലിന്യസംസ്കരണ കേന്ദ്രത്തിൽ ഇന്നുള്ളത് മാലിന്യ കൂമ്പാരങ്ങൾ; മാലിന്യ ഭീതിയിൽ തൃശൂർ നഗരത്തിന്റെ ഹൃദയം
സ്വന്തം ലേഖകൻ
തൃശൂർ: തൃശൂർ നഗരത്തിന്റെ ഹൃദയം മാലിന്യത്താൽ നിറയുകയാണ്. മാർക്കറ്റും ബസ് സ്റ്റാൻഡും ഉൾപ്പെടെ ദിവസവും ആയിരകണക്കിന് ആളുകൾ വന്നു പോകുന്ന ശക്തൻ സ്റ്റാൻഡിന്റെ അവസ്ഥയാണിത്. ദിനം പ്രതി മാലിന്യം കൂമ്പാരമായി കുന്നു കൂടുകയാണ്.
അത് അവിടുന്ന് നീക്കം ചെയ്യുന്നതിന് യാതൊരു നടപടികളും അധികൃതർ കൈകൊള്ളുന്നില്ല. മഴ മാറിയാലുടൻ മാലിന്യം നീക്കം ചെയ്യാം എന്നാണ് അവരുടെ മറുപടി. മഴ പലതും മാറി വന്നതല്ലാതെ മാലിന്യം മാറിയില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശക്തൻ നഗറിൽ ഓർഗാനിക് വേസ്റ്റ് കൺവർട്ടർ (ഒഡബ്യുസി) എന്ന മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചിരുന്നെങ്കിലും രാഷ്ട്രീയ കാരണങ്ങളാൽ ഉപേക്ഷിക്കപ്പെട്ടു. മെട്രോമാൻ ഇ. ശ്രീധരനും മുൻ ധനമന്ത്രി തോമസ് ഐസക്കും വരെ പ്രകീർത്തിച്ച പദ്ധതിയായിരുന്നു ഇത്.
കോർപറേഷന് ഒരു രൂപ പോലും ചെലവില്ലാത്ത രീതിയിൽ മാലിന്യ നിർമാർജനത്തിനു വിഭാവനം ചെയ്യപ്പെട്ട ഈ പദ്ധതി ഇന്നു പ്രതിമാസം 3 ലക്ഷം രൂപ കോർപറേഷനു നഷ്ടമുണ്ടാക്കുന്ന വെള്ളാനയാണ്.
ഒരുതരി മാലിന്യമോ ദുർഗന്ധമോ ഇല്ലാത്ത മാലിന്യസംസ്കരണ കേന്ദ്രമായിരുന്നു ഇത്. കോർപറേഷനു 300 രൂപ പ്രതിദിന വരുമാനവുമുണ്ടാക്കി. എന്നാൽ, പിന്നീടു വന്ന ഭരണസമിതി പദ്ധതി നടപ്പാക്കിയില്ല.
അങ്ങനെ, മാലിന്യം വളമാക്കി വരുമാനമുണ്ടാക്കിയ കാലത്തു നിന്നും ടണ്ണിന് 3500 രൂപ ചെലവഴിച്ചു മാലിന്യം കയറ്റി വിടുന്ന പാഴ്‌ചെലവിലേക്കു മാറേണ്ടിവന്നു.