മാലിന്യം തള്ളുന്നവരെ പിടികൂടാൻ കോട്ടയം നഗരസഭയുടെ പക്കലുള്ളത് 2 പോർട്ടബിൾ ക്യാമറകൾ മാത്രം ; റോഡിൽ മാലിന്യം തള്ളുന്നവർ കാരണം വലിയ ധനനഷ്ടമെന്ന് നഗരസഭ

Spread the love

കോട്ടയം (ചങ്ങനാശേരി): മാലിന്യം തള്ളുന്നവരെ പിടികൂടാൻ നഗരസഭയുടെ പക്കലുള്ളത് 2 പോർട്ടബ്ൾ ക്യാമറകൾ. 37 വാർഡുകളുള്ള നഗരസഭയിൽ 2 പോർട്ടബ്ൾ ക്യാമറ കൊണ്ട് മാലിന്യം തള്ളുന്നവരെ പിടികൂടാൻ പറ്റുമോ ? പോർട്ടബ്ൾ ക്യാമറ നിരീക്ഷിച്ച് മാലിന്യം തള്ളിയവരിൽ നിന്നു 2 ലക്ഷത്തിലധികം രൂപ പിഴയീടാക്കിയതായി നഗരസഭ ആരോഗ്യവിഭാഗം വാദം.

video
play-sharp-fill

കൂടുതൽ ക്യാമറകൾ സ്ഥാപിക്കണമെന്ന് നാളുകളായി ആവശ്യമുയരുന്നു. ഓഗസ്റ്റിൽ ബൈപാസ് റോഡിലാണ് ആദ്യമായി ക്യാമറ സ്ഥാപിച്ചത്. ആദ്യ ദിവസങ്ങളിൽ ഇവിടത്തെ മാലിന്യം തള്ളൽ നിന്നിരുന്നു. എന്നാൽ ക്യാമറ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതോടെ ബൈപാസ് റോഡിൽ വീണ്ടും മാലിന്യം കുന്നുകൂടി.

വാഹനങ്ങളിലെത്തി മാലിന്യം തള്ളിയവരുടെ വാഹന നമ്പർ എടുത്ത് മോട്ടർ വാഹനവകുപ്പിന്റെ സഹായത്തോടെ കണ്ടെത്തി. നടന്നു വന്ന് ബിഗ് ഷോപ്പറിലും വലിയ ബാഗുകളിലും ഒളിപ്പിച്ചു കൊണ്ടുവന്ന മാലിന്യം റോഡിൽ തള്ളിയവരെയും ക്യാമറ കുടുക്കി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇവരുടെ വീടുകളിലേക്ക് നോട്ടിസ് അയച്ച് പിഴയീടാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിവസങ്ങൾ കൂടുമ്പോൾ മാറ്റി സ്ഥാപിക്കാൻ കഴിയുന്നതാണ് പോർട്ടബ്ൾ ക്യാമറ. സാങ്കേതിക വിദഗ്ധർ എത്തിയാണ് മാറ്റി വയ്ക്കുന്നത്. പ്രധാനമായും മാലിന്യങ്ങൾ തള്ളുന്ന പോയിന്റുകൾ കേന്ദ്രീകരിച്ചാണ് ക്യാമറകൾ മാറ്റി സ്ഥാപിക്കുന്നത്.

വ്യത്യസ്ത സ്ഥലങ്ങളിലായി രണ്ട് തവണ ക്യാമറയുടെ കണ്ണിൽ കുടുങ്ങിയവരുമുണ്ട്. പുലർച്ചെ നഗരത്തിൽ മാലിന്യം തള്ളിയ ഒരാൾക്ക് 5000 രൂപയാണ് പിഴ നൽകിയത്. പിന്നീട് മറ്റൊരു സ്ഥലത്തായിരുന്നു ഇയാളുടെ മാലിന്യം തള്ളൽ. എന്നാൽ പോർട്ടബ്ൾ ക്യാമറ അങ്ങോട്ട് മാറ്റി സ്ഥാപിച്ചതോടെ കുടുങ്ങി. ഇത്തവണ 10,000 രൂപ അടയ്ക്കേണ്ടി വന്നു.

നഗരത്തിൽ തള്ളുന്ന മാലിന്യം ശുചീകരണത്തൊഴിലാളികളാണ് കോരി മാറ്റുന്നത്. ഇത് തരംതിരിച്ച് ജൈവമാലിന്യങ്ങൾ എയ്റോബിക് കംപോസ്റ്റ് യൂണിറ്റിലേക്ക് കൊണ്ടുപോയി വളമാക്കി മാറ്റുന്നു. പ്ലാസ്റ്റിക് ഉൾപ്പെടയുള്ള അജൈവമാലിന്യങ്ങൾ ശേഖരിച്ച് സ്വകാര്യ കമ്പനിക്ക് നൽകുകയായണ്. ഇങ്ങനെ എടുക്കുന്ന മാലിന്യത്തിനു നഗരസഭ ഓരോ കിലോയ്ക്കും 10 രൂപ കമ്പനിക്ക് നൽകുന്നുണ്ട്.

നഗരസഭ വിവിധയിടങ്ങളിൽ സ്ഥാപിച്ച ബോട്ടിൽ ബൂത്തുകളിൽ ആളുകൾ മറ്റ് മാലിന്യങ്ങൾ തള്ളുന്നതും പതിവാണ്. മാലിന്യശേഖരണത്തിനായി പ്രത്യേക ബോക്സ് വച്ചിടത്ത് ബോക്സിനു പുറത്താണ് മാലിന്യം തള്ളിയിരിക്കുന്നത്. റോഡിൽ ഒരു മയവുമില്ലാതെ മാലിന്യങ്ങൾ തള്ളുന്നവർ കാരണം വലിയ ധനനഷ്ടമാണ് സഹിക്കേണ്ടതെന്ന് നഗരസഭ പറയുന്നു.