പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ സർക്കാർ സ്വീകരിച്ച നടപടികൾ ഫലം കണ്ടു ; പിഴയിനത്തിൽ തുടർച്ചയായ രണ്ടാം വർഷവും ഖജനാവിൽ ലഭിച്ചത് കോടികൾ

Spread the love

തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെയുള്ള സർക്കാർ സ്വീകരിച്ച നടപടികൾ ഫലം കാണുന്നു. തുടർച്ചയായ രണ്ടാമത്തെ വർഷവും പിഴവരുമാനമായി കോടികൾ സംസ്ഥാന ഖജനാവിൽ എത്തിയിട്ടുണ്ട്.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കണക്കുകൾ കൂടി ചേർത്താൽ ഈ തുക 10 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാലിന്യ നിക്ഷേപത്തെ ഗൗരവമുള്ള കുറ്റമായി കണ്ട് നിയമങ്ങൾ കർശനമാക്കിയതാണ് ഈ മാറ്റത്തിന് പ്രധാന കാരണം.

2022-23 കാലഘട്ടത്തിൽ പിഴയായി ലഭിച്ചത് കേവലം 9 ലക്ഷം രൂപ മാത്രമായിരുന്നു. എന്നാൽ 2023-24ൽ സർക്കാർ നിയമങ്ങൾ പുതുക്കി പിഴത്തുക ഉയർത്തിയതോടെ വലിയ മാറ്റം സംഭവിച്ചു. 9 ലക്ഷത്തിൽ നിന്നിരുന്ന വരുമാനം നേരിട്ട് 5 കോടി രൂപയായി വർധിച്ചു. ഈ വർഷവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ നിരീക്ഷണം കർശനമാക്കി. മാലിന്യ നിക്ഷേപം തടയാനും കുറ്റക്കാരെ പിടികൂടാനും പ്രത്യേക സ്ക്വാഡുകൾ നിയോഗിക്കപ്പെട്ടു. പൊലീസ്, ആരോഗ്യവകുപ്പ് തുടങ്ങിയ വകുപ്പുകളുടെ ശക്തമായ ഇടപെടലുകൾ മൂലം ആറു മാസത്തിനുള്ളിൽ പിഴവരുമാനം എട്ട് കോടിയിൽ എത്തി.

മാലിന്യ നിക്ഷേപം പൂർണമായും തടഞ്ഞ് പിഴത്തുകയിൽ ഗണ്യമായ കുറവ് വരുത്താൻ കഴിയുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്. നഗരങ്ങളിലെ മാലിന്യ നിക്ഷേപം കുറഞ്ഞിട്ടുണ്ട്. എന്നാൽ, രാത്രികാലങ്ങളിൽ കക്കൂസ് മാലിന്യമടക്കം പാടങ്ങളിലും പുഴകളിലും തള്ളുന്നത് ഇപ്പോഴും തുടരുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ നിരീക്ഷണം ശക്തമാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

മാലിന്യം പൊതുഇടങ്ങളിൽ വലിച്ചെറിയുന്നത് ഒരു സാമൂഹിക പ്രശ്നമായി മാറിയതോടെയാണ് സർക്കാർ ശക്തമായി ഇടപെട്ടത്. പിഴത്തുക 5,000 മുതൽ 50,000 രൂപ വരെയാണ്. കുറ്റത്തിന്‍റെ ഗൗരവമനുസരിച്ച് പിഴ ചുമത്തും. മുനിസിപ്പൽ സെക്രട്ടറിമാർക്ക് ഇക്കാര്യത്തിൽ കൂടുതൽ അധികാരം നൽകിയിട്ടുണ്ട്. നിയമലംഘനം കണ്ടെത്തിയാൽ കോടതി വിചാരണയ്ക്ക് ശേഷമാണ് പിഴ ചുമത്തുക. വീഴ്ച വരുത്തുന്ന സെക്രട്ടറിമാർക്കെതിരെ ശമ്പളം തടയുന്നത് അടക്കമുള്ള നടപടികൾ ഉണ്ടാകും.