‘ഈ ലോകം എന്നെ നശിപ്പിച്ചു’, അമേരിക്കയിലെ സ്‌കൂളിൽ കുട്ടികളെ കൊലപ്പെടുത്തിയ പ്രതിയുടെ അവസാന കത്ത്

Spread the love

വാഷിങ്ടൺ: അമേരിക്കയിലെ മിനിയാപോളിസിൽ വെടിവയ്പ്പ് നടത്തിയ കേസിലെ പ്രതിയുടെ അവസാന കുറിപ്പ് പുറത്ത്. കൂട്ടക്കൊലയ്ക്ക് ക്ഷമ ചോദിക്കുകയും കുടുംബാംഗങ്ങളോട് പേര് മാറ്റി ജീവിതത്തിൽ മുന്നോട്ട് പോകാൻ ആവശ്യപ്പെടുകയും ചെയ്യുന്ന കത്തിൽ, ജീവിതത്തെ വെറുക്കാൻ പ്രേരിപ്പിച്ചതിന് ലോകത്തെ കുറ്റപ്പെടുത്തുന്നു. റോബിൻ വെസ്റ്റ്മാൻ എന്ന 23കാരനാണ് ഇന്നലെ മിനിയാപൊളിസിലെ അനൻസിയേഷൻ കാത്തലിക് സ്കൂളിന് സമീപം വെടിയുതിർത്തത്. വേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂളിനോട് ചേർന്ന പള്ളിയിൽ പ്രാർത്ഥന നടക്കുമ്പോഴാണ് തോക്കുമായെത്തിയ പ്രതി വെടിവച്ചത്. രണ്ട് കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ പതിനേഴ് പേർക്ക് പരിക്കേറ്റു. അക്രമിയായ റോബിൻ വെസ്റ്റ്മാൻ സ്വയം ജീവനൊടുക്കി.

ആക്രമണം നടന്ന സ്‌കൂളിലെ പാർക്കിങ് സ്ഥലത്താണ് റോബിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. റോബിൻ ഡബ്ല്യു എന്ന പേരിൽ ഇയാൾക്കൊരു യൂട്യൂബ് ചാനൽ ഉണ്ടായിരുന്നു. ഈ ചാനൽ വഴിയാണ് കുടുംബത്തിനും സുഹൃത്തുക്കൾക്കുമായി നാല് പേജുള്ള കൈയെഴുത്ത് കത്ത് പോസ്റ്റ് ചെയ്തത്. താൻ ചെയ്യാൻ പോകുന്ന പ്രവർത്തിയുടെ പ്രത്യാഘാതം മനസിലാക്കിക്കൊണ്ടാണ് പ്രതി കുടുംബത്തോടും സുഹൃത്തുക്കളോടും ജീവിതത്തിൽ മുന്നോട്ട് പോകാൻ ആവശ്യപ്പെടുന്നത്.

തന്റെ പ്രവൃത്തികൾ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾക്ക് കുടുംബത്തോടും സുഹൃത്തുക്കളോടും പ്രതി ഈ കത്തിലൂടെ ക്ഷമ ചോദിക്കുന്നു. തന്നെ ‘നല്ല വ്യക്തിയായി’ വളർത്തിയതിനും ആത്മത്യാഗത്തെ കുറിച്ചും സ്വഭാവത്തെ കുറിച്ചും പഠിപ്പിച്ചതിനും മാതാപിതാക്കളെ അഭിനന്ദിക്കുന്ന ഇയാൾ ലോകത്തെയാണ് തൻ്റെ ചെയ്തികൾക്ക് കുറ്റപ്പെടുത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ദയവായി മാതാപിതാക്കൾ എന്ന നിലയിൽ നിങ്ങൾ പരാജയപ്പെട്ടുവെന്ന് കരുതരുത്. ഈ ലോകം എന്നെ ദുഷിപ്പിച്ചു, ജീവിതം എന്താണെന്ന് വെറുക്കാൻ ഞാൻ പഠിച്ചു. ജീവിതം സ്നേഹമാണ്, ജീവിതം വേദനയാണ്. ഈ ലോകം നൽകുന്ന വേദന കൊണ്ട് ഞാൻ മടുത്തു. സഹോദരങ്ങൾക്കും മറ്റുള്ളവർക്കും നിങ്ങളുടെ സ്നേഹം നൽകുന്നത് തുടരൂ. നിങ്ങൾ എന്നെ വിട്ടുകളയുക. എന്റെ ജീവിതവും ഞാൻ നൽകിയ വേദനയും മറക്കുക. നിങ്ങളുടെ ജീവിതം എന്നേക്കുമായി കളങ്കപ്പെടുത്തിയതിന് ക്ഷമ ചോദിക്കുന്നു. ഇനി നിങ്ങളുടെ കരിയർ, ജീവിതം, ബന്ധങ്ങൾ, എല്ലാം തലകീഴായി മറിയും. അതുകൊണ്ട് ആവശ്യമെങ്കിൽ നിങ്ങളുടെ പേരുകൾ മാറ്റുക.’

 

 

‘ഇത് തെറ്റാണെന്ന് എനിക്കറിയാം, പക്ഷേ എനിക്ക് എന്നെ നിയന്ത്രിക്കാൻ കഴിയുന്നില്ല. ഞാൻ കടുത്ത വിഷാദത്തിലാണ്, വർഷങ്ങളായി ആത്മഹത്യയുടെ വക്കിലാണ്. ഈ ലോകത്തിലെ അനീതികൾക്ക് മുന്നിൽ മുട്ടുകുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് മരിക്കണം. ഞാൻ കാൻസർ ബാധിച്ച് മരിക്കുകയാണെന്ന് ഞാൻ കരുതുന്നു,’ എന്നും ഇയാൾ കത്തിൽ എഴുതി.

അതേസമയം വലിയ ഞെട്ടലാണ് അമേരിക്കയിൽ ഈ സംഭവം ഉണ്ടാക്കിയത്. ട്രാൻസ് സമൂഹത്തിൽ നിന്നുള്ളയാളാണ് അക്രമിയെന്നാണ് വിവരം. പള്ളിക്ക് പുറത്ത് നിന്ന് ജനാല വഴിയാണ് പ്രതി വെടിവച്ചത്. പത്തും എട്ടും വയസുള്ള കുട്ടികളാണ് മരിച്ചത്. പരിക്കേറ്റ കുട്ടികളെല്ലാം അപകട നില തരണം ചെയ്തു. എഫ്ബിഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്. അക്രമിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്.