
48 മണിക്കൂറിനുള്ളിൽ കാലവർഷം ; 4 ജില്ലകളിൽ യെല്ലോ അലർട്ട് ; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
സ്വന്തംലേഖകൻ
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം അടുത്ത 48 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് പെയ്തു തുടങ്ങാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.മാലിദ്വീപ്, കന്യാകുമാരി എന്നിവിടങ്ങളിൽ എത്തിച്ചേർന്ന കാലവർഷം വൈകാതെ കേരളത്തിലെത്താനുള്ള എല്ലാ സാഹചര്യങ്ങളും അനുകൂലമാണെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ജൂണ്‍ ആറിന് കാലവർഷം കേരളത്തിൽ എത്തിച്ചേരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചച്ചിരുന്നത്. എന്നാൽ, പ്രഖ്യാപിച്ച തീയതിക്കു മൂന്നു ദിവസം മുൻപോ, മൂന്നു ദിവസത്തിനു ശേഷമോ കാലവർഷം എത്തിച്ചേരാറുണ്ടെന്നും ഇക്കുറി അത് നേരത്തെയെത്താനുള്ള സാധ്യത ഏറെയാണെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു.കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിന്റെ പശ്ചാത്തലത്തില്‍ 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.