
പുൽപ്പള്ളി : വ്യാജക്കേസിൽ ആരോപണവിധേയനായ പഞ്ചായത്തംഗത്തെ മരിച്ച നിലയിൽ കണ്ടെത്തി. മുള്ളൻകൊല്ലി പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ജോസ് നെല്ലേടമാണ് മരിച്ചത്.
വീടിനടുത്തെ കുളത്തിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാജ കേസിൽ കുടുങ്ങിയ തങ്കച്ചൻ അഗസ്റ്റിൻ തനിക്കെതിരായ കേസിന് പിന്നിൽ ജോസ് നെല്ലേടവും ഡിസിസി നേതാക്കളുമാണെന്ന് പറഞ്ഞിരുന്നു. വയനാട്ടിലെ ഗ്രൂപ്പ് തർക്കത്തിന് ഇരയാണ് ജോസെന്ന് ബിജെപി ആരോപിച്ചു.
ജനപ്രതിനിധി എന്ന നിലയിൽ ലഭിച്ച സന്ദേശം പൊലീസ് കൈമാറുക മാത്രമാണ് ചെയ്തതെന്നും നിജസ്ഥിതി കണ്ടെത്തേണ്ടിയിരുന്നത് പൊലീസാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്ഫോടക വസ്തു കേസിനെ കുറിച്ച് കൂടുതൽ ഒന്നും അറിയില്ലെന്നും ജോസ് നെല്ലേടം പറഞ്ഞിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ നിർത്തിയിട്ടിരുന്ന കാറിന് സമീപത്തുനിന്ന് മദ്യവും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകൻ കൂടിയായ തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് തങ്കച്ചന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയത്. നിരപരാധിയെന്ന് തുടക്കം മുതൽ തങ്കച്ചൻ പറയുന്നുണ്ടായിരുന്നെങ്കിലും പൊലീസ് അത് വകവെച്ചിരുന്നില്ല. തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് രണ്ട് മണിവരെ പൊലീസ് ഉദ്യോഗസ്ഥർ സ്‌റ്റേഷനിൽ വെച്ചു. മൂന്നരയോടെയാണ് തങ്കച്ചനെ കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് കോടതി തങ്കച്ചനെ റിമാൻഡ് ചെയ്യുകയും സബ് ജയിലിലേയ്ക്ക് മാറ്റുകയും ചെയ്തു. പതിനേഴ് ദിവസം ജയിലിൽ കഴിഞ്ഞ ശേഷം ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് തങ്കച്ചൻ ജയിൽമോചിതനായത്.
ഇതിന് പിന്നാലെ കോൺഗ്രസിലെ ഗ്രൂപ്പ് പോരാണ് തന്നെ കുടുക്കിയതെന്ന് തങ്കച്ചൻ പറഞ്ഞിരുന്നു. മുള്ളംകൊല്ലിയിൽ നടന്ന കോൺഗ്രസിന്റെ പഞ്ചായത്ത് വികസന സമിതി യോഗത്തിനിടെ നടന്ന ചില സംഭവങ്ങളാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. ഡിസിസി സെക്രട്ടറി വീട്ടിൽ കിടത്തിയുറക്കില്ലെന്ന് ഭീഷണിമുഴക്കിയിരുന്നുവെന്ന് തങ്കച്ചൻ പറഞ്ഞു. രണ്ടാം വാർഡിലെ പഞ്ചായത്ത് മെമ്പർ, പെരിക്കല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ മീഡിയ, മുള്ളംകൊല്ലിയിലെ മുൻ മണ്ഡലം പ്രസിഡന്റ്, മണ്ഡലം ട്രഷറർ അടക്കമുള്ളവർക്ക് ഇതിൽ പങ്കുണ്ടെന്നും ഡിസിസി അദ്ധ്യക്ഷൻ എൻ ഡി അപ്പച്ചന്റെ പങ്ക് സംശയിക്കുന്നതായും തങ്കച്ചൻ പറഞ്ഞിരുന്നു.